തൃശ്ശൂർ:വ്യത്യസ്തമായ പദ്ധതികള്‍ നടപ്പിലാക്കി ശ്രദ്ധേയമാവുകയാണ് തളിക്കുളം ഗ്രാമപഞ്ചായത്ത്.സ്ത്രീകള്‍ക്കുള്ള ഫിറ്റ്‌നെസ് സെന്ററാണ് പഞ്ചായത്തിന്റെ വേറിട്ട പദ്ധതികളില്‍ ഒന്ന്. പുനരുപയോഗ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിനും വിതരണം നടത്തുന്നതിനുമുള്ള കേന്ദ്രമായ സ്വാപ്പ് ഷോപ്പ്, 600 പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന മിനി കുടിവെള്ള പദ്ധതി എന്നിവയും ആവിഷ്‌കരിച്ച് ശ്രദ്ധേയ മുന്നേറ്റമാണ് പഞ്ചായത്ത് നടത്തി വരുന്നത്.സ്ത്രീകളുടെ ഉന്നമനത്തിനൊപ്പം ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഫിറ്റ്‌നെസ് സെന്റര്‍ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട ഫിറ്റ്‌നെസ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സജിത പറഞ്ഞു.
തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചാണ് ഫിറ്റ്‌നെസ് സെന്റര്‍ ആരംഭിച്ചത്. 15 ലക്ഷം രൂപ ചിലവഴിച്ചാണ് ഫിറ്റ്‌നെസ് സെന്റര്‍ യഥാര്‍ത്ഥ്യമായത്.
പദ്ധതിയുടെ തുടക്കത്തില്‍ വനിതകള്‍ ഇവിടേക്ക് വരുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി തുടക്കത്തില്‍ തന്നെ 200 വനിതകള്‍ അഡ്മിഷന്‍ എടുത്തിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. ഒരാള്‍ക്ക് പ്രതിമാസം 300 രൂപയാണ് ഫീസ്.മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി ശേഖരിക്കുന്ന വസ്തുകള്‍ പുനരുപയോഗ്യമാക്കി വിപണനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സ്വാപ്പ് ഷോപ്പിന്റെ പ്രവര്‍ത്തനം നടക്കുന്നത്.
പഞ്ചായത്തിലെഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന വസ്തുക്കളാണ് ഇത്തരത്തില്‍ പുതിയ ഉത്പന്നങ്ങളാക്കി മാറ്റുന്നത്.ഇതില്‍ എടുത്ത് പറയേണ്ടത് തുണി സഞ്ചിയാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ പൊതുജനങ്ങള്‍ വലിച്ചെറിയുന്ന സാധാനങ്ങള്‍ വീണ്ടും ഉപയോഗ്യമാക്കി മാറ്റുന്നതിനുള്ള ശ്രമവും പഞ്ചായത്തിലെ സ്വാപ്പ് ഷോപ്പ് മുഖേന നടന്നു വരുന്നു.
നാല്, അഞ്ച് വാര്‍ഡുകളിലെ കുടിവെളളക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച മിനി കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്.
പഞ്ചായത്ത് തനതു കുടിവെള്ള പദ്ധതിയുടെ ഭാഗമായി മുതുകുളത്തെ നിലവിലുള്ള ആറ് മീറ്റര്‍ വ്യാസമുള്ള കിണര്‍ വൃത്തിയാക്കി അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി. വെളളം വിതരണം ചെയ്യുന്നതിനായി സമീപത്ത് പമ്പ് ഹൗസ് പണിത് മോട്ടോര്‍ സെറ്റ് സ്ഥാപിച്ചു. 23 ലക്ഷം രൂപ മുതല്‍ മുടക്കി നടപ്പിലാക്കുന്ന പദ്ധതിയിലൂടൈ 600 കുടുംബങ്ങള്‍ക്കാണ് കുടിവെള്ളമെത്തുക.