ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുമതലയേറ്റ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനങ്ങള്‍ കിലയുടെ നേതൃത്വത്തില്‍ ജനുവരി 13 മുതല്‍ 16 വരെയുള്ള തീയതികളിലായി സംഘടിപ്പിക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന രീതിയിലാണ് ഈ പരിശീലനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗര സഭകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും പ്രത്യേക സമയം നിശ്ചയിച്ച് കേന്ദ്രീകൃതമായ വീഡിയോ സെഷനുകള്‍ അവതരിപ്പിച്ചാണ് പരിശീലനം നടത്തുന്നത്. ഈ സമയത്ത് ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും കില ചുമതലപ്പെടുത്തിയ റിസോഴ്‌സ് ടീമും ഉണ്ടാകും. ലൈവ് സ്ട്രീം ചെയ്യുന്ന വീഡിയോ സെഷനുകള്‍ക്കുശേഷം ചോദ്യോത്തരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള സമയമുണ്ടാകും.

പരിശീലനത്തില്‍ പൊതുഭരണം, ആസൂത്രണം, ധനകാര്യ പരിപാലനം, പൊതുമരാമത്ത്, സാമൂഹ്യ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ നീതി, സ്ത്രീ ശാക്തീകരണം, മാലിന്യ പരിപാലനം തുടങ്ങിയ വിഷയങ്ങളിലുള്ള ക്ലാസ്സുകളാണ് നടക്കുന്നത്. പ്രാഥമിക ഘട്ടമെന്ന നിലയില്‍ ഇവയുടെ എല്ലാം അടിസ്ഥാന വിവരങ്ങളാണ് പ്രതിപാദിക്കുക. തുടര്‍ന്ന് ഓരോ വിഷയ മേഖലകള്‍ക്കും വിശദമായ പരിശീലനങ്ങള്‍ ഉണ്ടാകും.

പരിശീലനത്തിന് ആവശ്യമായ എട്ട് കൈപ്പുസ്തകങ്ങള്‍ അടങ്ങിയ പുസ്തക സഞ്ചയമാണ് പുതിയ ജനപ്രതിനിധികള്‍ക്കായി കില തയ്യാറാക്കി നല്‍കിയിരിക്കുന്നത്. പരിശീലന വീഡിയോകളും പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പിയും ഓണ്‍ലൈനിലും ലഭ്യമാക്കുന്നതാണ്.

പ്രാഥമിക ഘട്ട പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ തന്നെ 2021-22 ലേക്കുള്ള വാര്‍ഷിക പദ്ധതി തയ്യാറാക്കുവാനും ബജറ്റ് തയ്യാറാക്കാനുമുള്ള പരിശീലനവും, തുടര്‍ന്ന് വിവിധ സ്റ്റാന്റിംഗ്കമ്മിറ്റി അംഗങ്ങള്‍ക്കു വേണ്ടിയുള്ള വിശദമായ പരിശീലനവും, വനിതാ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക പരിശീലനവും ആരംഭിക്കുന്നതാണ്. ഇതിനു ശേഷം ഇവയെല്ലാം പൊതുജനങ്ങള്‍ക്കു കൂടി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കുന്നുണ്ട് കില.

കോവിഡ് 19 കാലത്ത് സജ്ജമാക്കിയ ecourses.kila.ac.in എന്ന പോര്‍ട്ടലിലൂടെ നൂറോളം ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് തയ്യാറെടുത്തതിന്റെ അനുഭവം ഈ പരിശീലനങ്ങള്‍ ചിട്ടപ്പെടുത്താന്‍ കിലയെ സഹായിക്കുന്നു.