അതിയന്നൂര്‍ പഞ്ചായത്തിന് എ ഗ്രേഡ്
തിരുവനന്തപുരം:   ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് ആരംഭിച്ചു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആദ്യ പരിശോധന നടത്തികൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം ജില്ലാതല ഹരിത ഓഡിറ്റിന് തുടക്കമിട്ടു. നൂറില്‍ 94 മാര്‍ക്ക് നേടികൊണ്ട് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് എ ഗ്രഡ് ഹരിത ഓഫീസായി. വരും ദിവസങ്ങളില്‍ ജില്ലയിലെ ആറു താലൂക്കിലെയും സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടത്തും.
നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ പതിനായിരം ഓഫീസുകളാണ് ഹരിത ഓഫീസുകളാക്കി മാറ്റുന്നത്. ഇതിന്റെ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി നിര്‍വഹിക്കും. അന്നേദിവസതന്നെ വിവിധ ഗ്രേഡുകള്‍ ലഭിച്ച ഹരിത ഓഫീസുകള്‍ക്ക് സാക്ഷ്യപത്രവും അവാര്‍ഡും വിതരണം ചെയ്യും.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി മന്‍മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത റാണി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിന്‍ ജി, ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡി. ഹുമയൂണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.