കുണ്ടറയിലെ പാലക്കട ജയന്തി കോളനിയിലെ താമസക്കാരായ സോമൻ-ലീല ദമ്പതികളുടെ ഓട്ടിസം ബാധിച്ച മകൻ ബിജുവിന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിരിവെട്ടം കാണാമിപ്പോൾ. രോഗം ബാധിച്ച മകനെ പരിചരിക്കാൻ വീടിന്റെ സുരക്ഷയൊരുങ്ങുന്നതിന്റെ സന്തോഷമാണ് രക്ഷിതാക്കൾക്ക്. കുണ്ടറ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സംയോജിത വികസന മാതൃകയായ ഇടം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ചെലവ് കുറഞ്ഞ വീടുകളിൽ ആദ്യത്തേതാണ് ഈ കുടുംബത്തിനായി ഒരുങ്ങുന്നത്.
വീടിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ഇവിടെയെത്തിയ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അർഹതയുള്ള 100 പേർക്ക് ഇതേ മാതൃകയിൽ താമസ സൗകര്യം ഒരുക്കുമെന്ന് അറിയിച്ചു. പിന്നീട് ആവശ്യകത അനുസസരിച്ച് വീടുകൾ നൽകുന്നത് പരിഗണിക്കും. എല്ലാവർക്കും വീടൊരുക്കാനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് മിഷന്റെ ഭാഗമായാണ് വീടുകൾ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ടി.കെ.എം ട്രസ്റ്റാണ് ഇവിടെ വീടു നിർമിച്ചു നൽകുന്നത്. ആധുനിക നിർമാണ രീതി ഉപയോഗിച്ച് ചെലവ് കുറച്ച് നിർമിക്കുന്ന വീടിന് 400 ചതുരശ്ര അടിയാണ് വിസ്തീർണം. ശുചിമുറിയോടെയുള്ള കിടപ്പ് മുറിയടക്കം നാലു മുറികൾ ഉണ്ടാകും.
ഫ്യൂണിക്കുലാർ ഷെല്ലുകൾ ഉപയോഗിച്ചാണ് നിർമാണം. മുൻകൂട്ടി തയ്യാറാക്കിയ ഭാരം കുറഞ്ഞ സ്‌ളാബുകൾ മേൽക്കൂരയ്ക്ക് ഉപയോഗിക്കുക വഴി ഭിത്തിക്കും കനം കുറച്ചിട്ടുണ്ട്. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചും ചെലവ് കുറയ്ക്കാനായി എന്ന് മൂന്നര ലക്ഷം രൂപ മാത്രം ചെലവുള്ള നാലു മുറി വീടിന്റെ നിർമാണത്തിന് നേതൃത്വം നൽകുന്ന ടി.കെ.എം എഞ്ചിനീയറിംഗ് കോളജ് പ്രിൻസിപ്പൽ എസ്. അയൂബ് പറഞ്ഞു.
ടി.കെ.എം എഞ്ചിനീയറിംഗ് കോളജിലെ സിവിൽ അവസാന വർഷ വിദ്യാർത്ഥികളുടെ പ്രോജക്ട് ആയാണ് വീടു നിർമാണം. ആസിഫ് അയൂബ് നേതൃത്വം നൽകുന്ന സംഘത്തിൽ അക്ഷയ് സുനിൽ, അക്ബർ ബഷീർ, പി.എ. ഹരികൃഷ്ണൻ, ബിന്നു ജേക്കബ്, അർഷക് സലാവുദീൻ എന്നിവരാണുള്ളത്.