ചിതറിയ കുടുംബജീവിതത്തിന്റെ ശേഷിപ്പുകളാണ് കുണ്ടറ സ്വദേശികളായ ശ്രീദേവിയെന്ന പത്താം ക്ലാസുകാരിയും എട്ടാം ക്ലാസിൽ പഠിക്കുന്ന ശ്രീലക്ഷ്മിയും. ഒറ്റപ്പെട്ടുപോയ പെൺകുട്ടികൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ തണലിലാണിപ്പോൾ.
സ്വന്തമായി വീടില്ലാത്ത ഇവർക്കായി ഇടം പദ്ധതിയുടെ ഭാഗമായി വീടൊരുങ്ങുകയാണ്. എം.ജി.ഡി സ്‌കൂളിൽ പഠനം തുടരുന്ന കുട്ടികൾക്കായി മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നുള്ള സന്നദ്ധരായ കുട്ടികളാണ് വീടു വയ്ക്കാൻ പണം നൽകിയത്. സുമനസ്സുകളായ വിദ്യാർഥികൾ നൽകിയ നാലു ലക്ഷം രൂപ സ്‌കൂൾ പി.ടി.എ ഭാരവാഹിയായ സന്തോഷിന് എ.ഇ.ഒ. കെ. ഗോപകുമാർ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ കൈമാറി. ടി.കെ.എം എഞ്ചിനീയറിംഗ് കോളജിനാണ് വീടിന്റെ നിർമാണ ചുമതല. ആധുനിക നിർമാണ രീതികൾ ഉപയോഗിച്ച് ചെലവ് ചുരുക്കി കെട്ടുറപ്പുള്ള വീടാകും തീർക്കുക.
എല്ലാ മേഖലകളേയും കൂട്ടിയോജിപ്പിച്ചുള്ള വികസന മാതൃകയായ ഇടം പദ്ധതിയുടെ പ്രവർത്തനത്തിലെ സുപ്രധാന ഘടകമാണ് വീടുകളുടെ നിർമാണം. ലൈഫ് മിഷനുമായി ചേർന്നുള്ള പ്രവർത്തനത്തിൽ കഷ്ടതയനുഭവിക്കുന്ന എല്ലാവരേയും ഉൾക്കൊള്ളുകയുമാണ്. പാർശ്വവത്കരിപ്പെട്ടവർക്കെന്ന പോലെ ജീവിത ദുരിതങ്ങളിൽപെട്ട് നട്ടം തിരിയുന്നവർക്കും ഇടം പദ്ധതി തുണയാകുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ചിറ്റുമല ബ്ലോക്കിൽ ചേർന്ന ഇടം കൂട്ടായ്മയിൽ പറഞ്ഞു.