എറണാകുളം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സംയുക്ത സ്ക്വാഡുകളുടെ പരിശോധന ആരംഭിക്കും. ഭക്ഷണശാലകൾ, വിവിധ തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പരിശോധന നടത്തും.
ആരോഗ്യവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. കോവിഡിതര പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചോറ്റാനിക്കരയിലും വാഴക്കുളത്തും ഓരോ ഷിഗല്ല രോഗസ്ഥിരീകരണം ഉണ്ടായ സാഹചര്യവും തുടര്‍നടപടികളും വിലയിരുത്തി.

ചോറ്റാനിക്കരയിലും വാഴക്കുളത്തും ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഭക്ഷണ ശാലകളിലെ ശുചിത്വവും ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ചോറ്റാനിക്കരയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ആവശ്യമായ മറ്റ് മുന്‍കരുതലുകളും പൂര്‍ത്തിയാക്കി.
സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടെ ഉള്‍പ്പെടുത്തി നടത്തിയ വിപുലമായ നിരീക്ഷണ നടപടികളുടെ ഭാഗമായാണ് കൂടുതല്‍ രോഗസ്ഥിരീകരണം സാധ്യമായത്. ജില്ലയില്‍ പോയവര്‍ഷം മൂന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ എലിപ്പനിമൂലം മരിക്കാനിടയായ സാഹചര്യത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലാളികള്‍ക്ക് ഡോസിസൈക്ലിന്‍ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും.

കര്‍ഷകര്‍ക്കും മൃഗപരിപാലന രംഗത്തുള്ളവര്‍ക്കും ഡോസിസൈക്ലിന്‍ ലഭ്യമാക്കും. പഞ്ചായത്തിന്‍റെയും, വാര്‍ഡ്തല ആരോഗ്യ സമിതികളുടെയും പ്രവര്‍ത്തനവും കൂടുതല്‍ ശക്തിപ്പെടുത്തും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ശനിയാഴ്ചയോ ചൊവ്വാഴ്ചയോ ഡ്രൈഡേയായി ആചരിക്കും.
ഓണ്‍ ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, ഡോ. വിനോദ് പൗലോസ്, പഞ്ചായത്ത്, ഭക്ഷ്യസുരക്ഷാ വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, കെ.എസ്.ഇ.ബി എന്നീ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.