തൃശ്ശൂര്‍: ജനുവരി 16ന് ആരംഭിക്കുന്ന കോവിഡ് 19 വാക്സിനേഷൻ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഗുരുവായൂർ നഗരസഭയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. 16 മുതൽ പ്രവർത്തനം ആരംഭിക്കുന്ന ടാസ്‌ക് ഫോഴ്‌സ്ന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.
ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും രണ്ടാം ഘട്ടത്തിൽ പൊലീസ് ഫയർ ഫോഴ്സ് സേനകൾ, സിവിൽ ഡിഫെൻസ് തുടങ്ങിയവർക്കും മൂന്നാം ഘട്ടത്തിൽ 50 വയസ്സിന് മുകളിലുള്ള പൗരൻമാർ, 50 വയസ്സിന് താഴെയുള്ള ശാരീരിക പ്രതിരോധ ശേഷി കുറവുള്ള അവശതയനുഭവിക്കുന്നവർ എന്നിവർക്കുമാണ് വാക്സിനേഷൻ നൽകുക.നഗരസഭ കെ ദാമോദരൻ ഹാളിൽ നടന്ന യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ എം പി അനീഷ്‌മ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത്, കടപ്പുറം ഹെൽത്ത് സൂപ്പർവൈസർ കെ കെ ഹുസൈൻ, ഡോ. ജോസ് ടി ജേക്കബ്ബ്, ഗുരുവായൂർ ദേവസ്വം, പോലീസ്, ആരോഗ്യം, റവന്യു, പട്ടികജാതി വികസനം തുടങ്ങിയ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.