എറണാകുളം: ജില്ലയിലെ ശുചിത്വ പദവി കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തരംതിരിച്ച അജൈവ മാലിന്യ ശേഖരണ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ചോറ്റാനിക്കരയിൽ തുടക്കമായി.
ജനുവരി 26 റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു സംസ്ഥാനത്തുടനീളം ശുചിത്വ പദവി കൈവരിച്ച തദ്ദേശ ഭരണ സ്ഥാപന പരിധിയിലെ വീടുകളിൽ നിന്നും ഹരിത കർമ്മസേന ശേഖരിച്ച തരംതിരിച്ച അജൈവ പഴവസ്തുക്കൾ ക്ലീൻ കേരള കമ്പനിയുടെ (CKCL) സഹകരണത്തോടെ ശേഖരിക്കുകയും റിപ്പബ്ലിക് ദിനത്തിൽ കൈമാറിയ അജൈവ പഴവസ്തുക്കളുടെ തുക കർമ്മ സേനക്ക് കൈമാറുകയും ചെയ്യും.
കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരളാ കമ്പനി എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ശുചിത്വ ക്യാമ്പയിൻ നടപ്പാക്കുകയാണ് . ഇതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ സഹായത്തോടെ എല്ലാ പഞ്ചായത്തുകളിൽ നിന്നും 20 ഇനം തരംതിരിച്ച അജൈവപാഴ് വസ്തുക്കൾ ശേഖരിക്കും. മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റം സാധ്യമാക്കുന്നതിനൊപ്പം ഹരിതകർമ്മ സേനയ്ക്ക് വരുമാനം ലഭ്യമാക്കുന്നതിനും വഴിയൊരുക്കുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ആർ രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സി.കെ.സി.എൽ പ്രതിനിധി ഗ്രീഷ്മ പി വി, ശുചീത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ റിസാൽദർ അലി, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ലിജി കെ ജെ, കുടുംബശ്രീ മെന്റെർ എമിലി വർഗ്ഗീസ്, ഹരിതകർമസേനാഗംങ്ങൾ എന്നിവർ പങ്കെടുത്തു.