എറണാകുളം: ലൈഫ് പദ്ധതി പ്രകാരമുള്ള2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം സംഘടിപ്പിക്കും. സംഗമത്തിൻ്റെ ഭാഗമായി അദാലത്തും നടക്കും.
തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ അവലോകന യോഗം നടന്നു. കുടുംബ സംഗമം സംഘാടനവുമായി ബന്ധപ്പെട്ട് അതാത് തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിക്കാൻ നിർദ്ദേശം നൽകി. ഈ മാസം അവസാനമാണ് സംഗമം നടത്തുന്നത്. തീയതി പിന്നീട് തീരുമാനിക്കും.
ലൈഫ് ഗുണഭോക്താക്കൾക്ക് സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇവിടെ സമർപ്പിക്കാം. ഈ അപേക്ഷകൾ ജില്ലാ കളക്ടർക്ക് നേരിട്ട് ലഭ്യമാക്കും. ജില്ലാ കളക്ടർ ഈ അപേക്ഷകളുടെ തുടർ നടപടികൾക്കായി വകുപ്പുകൾക്ക് നിർദേശം നൽകും. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി നടത്തുന്ന പൂർത്തീകരണ പ്രഖ്യാപനം തത്സമയം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും.
ലൈഫ് കുടുംബ സംഗമവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഏകോപനം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലായിരിക്കും. ജില്ല/ബ്ലോക്ക് / ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ, നഗരകാര്യ വകുപ്പ് മേഖലാ ജോയിൻ്റ് ഡയറക്ടർ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ, പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് സംഗമം ആസൂത്രണം ചെയ്യുക.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ ജി.മുരളീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജില്ലാ കളക്ടർ എസ്.സുഹാസ്, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഏണസ്റ്റ് സി. തോമസ് എന്നിവർ പങ്കെടുത്തു.