ആലപ്പുഴ: കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിനായി ജില്ല പൂർണ്ണ സജ്ജം. കോവിഡ് 19 പ്രതിരോധ വാക്സിന്‍ ജില്ലയില്‍ 9 കേന്ദ്രങ്ങളില്‍ ജനുവരി 16 മുതല്‍ ആദ്യഘട്ടം രജിസ്ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് നൽകും. ഒമ്പതു കേന്ദ്രങ്ങളിലും വാക്സിൻ വിതരണത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്ന് ജില്ല കളക്ടർ എ അലക്സാണ്ടർ വിളിച്ചുചേർത്ത യോഗത്തിൽ ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ആലപ്പുഴ മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി ചെങ്ങന്നൂര്‍, ജില്ലാ ആശുപത്രി മാവേലിക്കര, കായംകുളം താലൂക്ക് ആശുപത്രി, ആര്‍.എച്ച്.റ്റി.സി.ചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം, സേക്രട്ട് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല എന്നിവിടങ്ങളാണ് ജില്ലയിലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍.

രാവിലെ 9 മുതൽ 5 വരെയാണ് വാക്സിൻ വിതരണം. വിതരണത്തിനായി എത്തിച്ചിട്ടുള്ള പ്രതിരോധ വാക്സിൻ നാളെ ( 15/1/2021) എല്ലാ കേന്ദ്രങ്ങളിലും പൂർണമായും എത്തിക്കും. വാക്സിൻ കൊണ്ടുപോകാവുന്ന ഒരു വാഹനത്തിൽ തന്നെയായിരിക്കും എല്ലാ കേന്ദ്രങ്ങളിലും പ്രതിരോധ വാക്സിൻ എത്തിക്കുകയെന്നും ഡിഎംഒ പറഞ്ഞു. ജനറൽ ഹോസ്പിറ്റലിൽ നിന്ന് നാളെ ( 15/1/2021) രാവിലെ തന്നെ വാക്സിൻ വിതരണത്തിനുള്ള വണ്ടി പുറപ്പെടും. വാക്സിൻ വിതരണം ചെയ്യുന്നതുവരെയും അത് സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും പോലീസ് എസ്കോർട്ടും ഉണ്ടായിരിക്കും.

വാക്സിൻ വിതരണത്തിന് ശേഷം ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യം ഉണ്ടാകുന്ന പക്ഷം അതു നേരിടാൻ നിരീക്ഷണ മുറി ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും അതത് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്ന് ഡോക്ടർമാരും യോഗത്തിൽ അറിയിച്ചു. ചെട്ടിക്കാട്, പുറക്കാട്, ചെമ്പുംപുറം എന്നീ ആശുപത്രികളിൽ ഇത്തരം അടിയന്തര സാഹചര്യം ഉണ്ടാവുന്ന പക്ഷം മെഡിക്കൽ കോളജിലേക്കും, ജനറൽ ഹോസ്പിറ്റലിലേക്കും ആളുകളെ മാറ്റും.

വാക്സിലേറ്റർക്കു പുറമെ സഹായത്തിനായി രണ്ടു സ്റ്റാഫ്, കൂടാതെ സ്റ്റാൻഡ് ബൈ സ്റ്റാഫുകളും ഉൾപ്പെടുന്നതാണ് വാക്സിൻ വിതരണത്തിനായി പരിശീലനം ലഭിച്ചിട്ടുള്ള സംഘം. വണ്ടാനം മെഡിക്കൽ കോളേജിൽ നാളെ ( 15/1/2021) രാവിലെ ട്രയൽ റൺ നടത്തും. പുറക്കാട്, ചെട്ടിക്കാട്, ചെമ്പുംപുറം ആശുപത്രികൾക്ക് എ എൽ എസ് ആംബുലൻസ് അടിയന്തര ആവശ്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

ജില്ലയിൽ 22460 പ്രതിരോധ വാക്സിൻ ആണ് വിതരണത്തിനായി എത്തിയിട്ടുള്ളത്. ഓണ്‍ ലൈന്‍ ആയി നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി, ഡെപ്യൂട്ടി കളക്ടർ ( ദുരന്തനിവാരണം) ആശാ സി എബ്രഹാം, അതത് വാക്സിൻ വിതരണ കേന്ദ്രങ്ങളിലെ ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.