പാലക്കാട് :ആരോഗ്യ പ്രവർത്തകർക്കായുള്ള കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ജനുവരി 16ന് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെച്ച് നൽകുന്നതാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വാക്സിനേഷൻ നടത്തുക. വിവിധ മേഖലകളിലുള്ള ആരോഗ്യ പ്രവർത്തകരെ ആനുപാതികമായി കണ്ടെത്തിയാണ് ഒന്നാം ഘട്ടം വാക്സിനേഷൻ നടത്തുക. 30870 ഡോസ് മരുന്നാണ് ഇതിനായി ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് 12630 പേർക്ക് ഒന്നാം ഡോസ് നൽകുന്നതായിരിക്കും. ഇവർക്കു തന്നെ 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് നൽകുന്നതായിരിക്കും.
കോവിഡ് 19 രോഗ പ്രതിരോധ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുക. ഗർഭിണികളേയും 18 വയസ്സിനു താഴെയുള്ളവരേയും കുത്തിവയ്പ്പിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇൻസുലേറ്റസ് വാക്സിൻ വാൻ പരിചയസമ്പന്നമായ ഡ്രൈവർ സുരക്ഷാ ഉദ്യോഗസ്ഥൻ സഹിതം റീജ്യണൽ വാക്സിൻ സ്റ്റോറിൽ നിന്നും വാക്സിൻ സ്വീകരിച്ച് ജില്ലാ വാക്സിൻ സ്റ്റോറിൽ കൊണ്ടുവരും. കുത്തിവയ്പ്പ് മരുന്ന് പൂർണ്ണമായും ശീതശൃംഘലയിൽ സൂക്ഷിക്കേണ്ടതിനാൽ വൈദ്യുതി ലഭ്യത മുടങ്ങാതിരിക്കാൻ വൈദ്യുതി വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
നെന്മാറ, അഗളി, അമ്പലപ്പാറ, നന്ദിയോട്, ചാലിശ്ശേരി, കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ആയിരിക്കും വാക്സിനേഷൻ നടത്തുക.
ജില്ലാതലത്തിൽ നിന്നും ഉദ്യോഗസ്ഥർ ഈ സ്ഥാപനങ്ങൾ സന്ദർശിച്ച് സജ്ജീകരണങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങൾ പൂർണ്ണമായും സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) പാലക്കാട് അറിയിച്ചു