കോഴിക്കോട്:   ജില്ലയിലെ പൊതുസ്ഥലങ്ങളിലും ഓടകളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. മാലിന്യം തളളുന്നവരില്‍ നിന്നും കേരള മുനിസിപ്പല്‍ ആക്ടിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ആദ്യഘട്ടം 25,000 രൂപ വരെ കോര്‍പ്പറേഷന്‍ പിഴ ഈടാക്കും. രണ്ടാംഘട്ടത്തില്‍ ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെയുളള തടവുശിക്ഷയും ലഭിക്കും. വീണ്ടും ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് മലിനീകരണ നിയന്ത്രണ ബോര്‍ഡും കോര്‍പ്പറേഷനും റദ്ദ് ചെയ്യും.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കോഴിക്കോട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരടങ്ങുന്ന സക്വാഡ് കനോലി കനാലും കല്ലായി പുഴക്കരയില്‍ സ്ഥിതി ചെയ്യുന്ന 101 സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. കല്ലായി പുഴയിലേക്കും കനോലി കനാലിലേക്കും മലിനജലം തളളുന്ന 61 സഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വലിയ തോതില്‍ മാലിന്യം പുറംതളളുന്ന 16 സ്ഥാപനങ്ങളോട്് മാലിന്യസംസ്‌കരണ പ്ളാന്റ് നിര്‍മിക്കാന്‍ നിര്‍ദ്ദേശിച്ചു. നോട്ടീസ് ലഭിച്ച എല്ലാ യൂണിറ്റുകളും മൂന്ന് മാസത്തിനകം മാലിന്യസംസ്‌കരണ പ്ളാന്റ് നിര്‍മ്മിക്കണമെന്നും കലക്ടര്‍ അറിയിച്ചു.