തൃശൂർ: പാതിവഴിയില്‍ ഹൈസ്ക്കൂള്‍ പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് വഴിയൊരുക്കി പൊലീസിന്‍റെ ഹോപ്പ് ലേണിംഗ് സെന്‍ററുകള്‍. ഭാഷയിലും ഗണിതത്തിലും ശാസ്ത്രത്തിലും മാത്രമല്ല തൊഴില്‍ പരിശീലനത്തിലും ഊന്നല്‍ നല്‍കിയാണ് ഹോപ്പ് ലേണിംഗ് സെന്‍ററുകളുടെ പ്രവര്‍ത്തനം.സിറ്റി – റൂറല്‍ പൊലീസ് മേഖലകള്‍ക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം 58 കുട്ടികള്‍ക്കാണ് ലേണിംഗ് സെന്‍ററില്‍ ക്ലാസുകള്‍ ലഭിച്ചത്. ഇതില്‍ സംസ്ഥാന സിലബസില്‍ പരീക്ഷ എഴുതിയ 18ല്‍ 17 പേരും വിജയിച്ചു. നാഷണല്‍ ഓപ്പണ്‍ സ്കൂളിനു കീഴില്‍ പഠിച്ച 40 പേര്‍ പരീക്ഷ എഴുതാനുണ്ട്.

സിറ്റി, റൂറല്‍ കേന്ദ്രങ്ങൾ നിലവിൽ ജില്ലയിൽ റൂറൽ മേഖലയിൽ ഇരിങ്ങാലക്കുട, കാട്ടൂർ, ചേർപ്പ്, വലപ്പാട്, ചാലക്കുടി, പുതുക്കാട്, വരന്തരപ്പിള്ളി, മാള എന്നീ എട്ട് ഹോപ്പ് ലേണിംഗ് സെൻ്ററുകളിലായി സേ പരീക്ഷകളിൽ പരാജയപ്പെട്ട 115 പ്ലസ് ടു വിദ്യാർത്ഥികൾക്കും 15 എസ്എസ്എൽസി വിദ്യാർത്ഥികൾക്കും ക്ലാസ്സുകൾ നൽകുന്നുണ്ട്. തൃശൂർ സിറ്റി പൊലീസിന് കീഴിൽ കുന്നംകുളം, വടക്കാഞ്ചേരി,തൃശൂർ എന്നീ മൂന്ന് ഹോപ്പ് ലേണിംഗ് സെൻ്ററുകളിലായി 31 പ്ലസ് ടു വിദ്യാർത്ഥികൾക്കും 24 എസ്എസ്എൽസി വിദ്യാർത്ഥികൾക്കുമാണ് ക്ലാസ്സുകൾ നൽകുന്നത്. വിദ്യാർത്ഥികൾക്ക് എളുപ്പം എത്തുന്നതിനും സഞ്ചാര ദൂരം കുറയ്ക്കുന്നതിനുമാണ് ലേണിംഗ് സെൻ്ററുകളുടെ എണ്ണം വർധിപ്പിച്ചത്.
പരാജിതരുടെ കൂടി ലോകം
പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെടുന്ന ചെറിയ ശതമാനം വരുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള അന്വേഷണമാണ് കേരള പൊലീസിനെ ഈ പദ്ധതിയിലേക്കെത്തിച്ചത്. വിജയികള്‍ക്കൊപ്പം പരാജിതരും ഈ ലോകത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവ്.    സംസ്ഥാന സർക്കാരിന്റെയും യൂണിസെഫിന്റെയും സഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്.”ഹെൽപ്പിംഗ് അതേർസ് ടു പ്രൊമോട്ട് എഡ്യുക്കേഷൻ” എന്ന ആപ്തവാക്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ കുറ്റകൃത്യങ്ങളിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വിദഗ്ധ പരിശീലനത്തിലുടെ പരീക്ഷകളെ അതിജീവിക്കാനും ജീവിതത്തില്‍ മുന്നേറാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു ഹോപ്പ് ലേണിംഗ് സെന്‍ററുകള്‍.

റിസോഴ്സ് പേഴ്സണ്‍മാര്‍,വീഡിയോ ക്ലാസുകൾ
തൃശൂരില്‍ പഴയ നടക്കാവിലും ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലുമായിരുന്നു ആദ്യത്തെ ലേണിംഗ് സെന്‍ററുകള്‍. തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. റൂറൽ ലേണിംഗ് സെൻ്ററുകളിൽ തിരഞ്ഞെടുക്കപ്പെട്ട 30 റിസോഴ്സ് പേഴ്സൺമാരും സിറ്റി ലേണിംഗ് സെൻ്ററുകളില്‍ നാല് റിസോഴ്സ് പേഴ്സൺമാരുമാണ് വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ എടുക്കുന്നത്. കോവിഡ്- 19 രോഗവ്യാപനം നിലനിന്നിരുന്നതിനാൽ ഡിസംബർ 31 വരെ ഓൺലൈനിലൂടെയായിരുന്നു ക്ലാസുകൾ. രോഗവ്യാപന തോതിലെ വ്യത്യാസത്തിനനുസരിച്ച് ജനുവരി ഒന്നു മുതല്‍ ലേണിംഗ് സെൻ്ററുകളിൽ നേരിട്ടും ക്ലാസുകൾ നടത്തി തുടങ്ങിയിട്ടുണ്ട്. പുറമെ ക്ലാസുകൾ ഓരോ വിഷയത്തിലും റെക്കോർഡ് ചെയ്ത ക്ലാസുകളുടെ വീഡിയോകളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.

പരിശീലന ക്ലാസുകൾ സ്റ്റേറ്റ് സിലബസിന് പുറമെ സംസ്ഥാന സാക്ഷരതാ മിഷൻ തുല്യത, നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ പരീക്ഷകളും ഹോപ്പ് നടത്തുന്നുണ്ട്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്  ബ്രിഡ്ജ് കോഴ്സ് ഉൾപ്പെടെ മോട്ടിവേഷൻ ക്ലാസുകൾ,കൗൺസിലിംഗ്, ലേണിംഗ് സെന്ററുകളിലെ അധ്യാപകർക്ക് ജില്ലാതല ദ്വിദിന പരിശീലനം,ദ്വിദിന സൈക്കോ സോഷ്യൽ പരിശീലനം,ദ്വിദിന മെന്‍ററിംഗ് പരിശീലനം, അർഹരായ കുട്ടികളെ കണ്ടെത്തുന്നതിന് ജില്ലയിലെ ബീറ്റ് ഓഫീസർമാർ, ജനമൈത്രി കമ്യൂണിറ്റി റിലേഷൻ ഓഫീസർമാർ,ചൈൽഡ് വെൽഫെയർ ഓഫീസർമാർ,വാർഡ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കായുള്ള ഓറിയന്റേഷൻ ക്ലാസുകള്‍ എന്നിവയും നടത്തുന്നുണ്ട്.
സംഘടനകളുടെ സഹകരണം
ആദ്യഘട്ടങ്ങളിൽ വകുപ്പുതലത്തിൽ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരും അധ്യാപകരും എം.എസ്.ഡബ്ല്യു, സൈക്കോളജി വിദ്യാർത്ഥികളും തവനിഷ് സാമൂഹിക-സേവന സംഘടനയും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകിയിരുന്നു. കൂടാതെ സർക്കാർ ധനസഹായങ്ങൾക്ക് പുറമെ പദ്ധതിയ്ക്ക് ആവശ്യമായ കൂടുതൽ ധനസഹായം സ്വരൂപിക്കുന്നതിനും കുട്ടികൾക്ക് ആവശ്യമായ യൂണിഫോം, മറ്റ് പഠനസാമഗ്രികൾ ലഭ്യമാക്കുന്നതിനും ലേണിംഗ് സെന്ററുകളിൽ ഹോപ്പ് നോഡൽ ഓഫീസർ, ഹോപ്പ് ജില്ലാ കോ ഓഡിനേറ്റർ,ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥർ,ജനമൈത്രി ബീറ്റ് ഓഫീസർമാർ, ജെ.സി.ഐ,റോട്ടറി,ലയൺസ് ക്ലബ്ബ് തുടങ്ങിയ സന്നദ്ധ സംഘടനകളും ചേർന്ന് ഹോപ്പ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.