എറണാകുളം: വനിതാ ശിശു വികസന വകുപ്പും മിൽമയും സംയുക്തമായി നടത്തുന്ന അങ്കണവാടി കുട്ടികൾക്കായുള്ള പോഷണ ഘടകങ്ങൾ ചേർത്ത മിൽമ ഡിലൈറ്റ് മിൽക്ക് ന്റെ ജില്ലാ തല വിതരണോദ്‌ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു.

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിൽമ റീജണൽ ചെയർമാൻ ജോൺ തെരുവത്ത് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ് പങ്കെടുത്തു. ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി പദ്ധതി വിശദീകരിച്ചു.

എറണാകുളം ജില്ലയെ ബാലസൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള പരമാവധി പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രാജ്യത്ത് ജനന ഭാരക്കുറവുള്ള കുഞ്ഞുങ്ങൾ ശരാശരി 20.8 ശതമാനം ആണ്. 5 വയസാവുമ്പോഴേക്ക് പ്രായാനുസൃത തൂക്കം ഇല്ലാത്ത കുഞ്ഞുങ്ങൾ 35. 7 ശതമാനവും ആണ്. സാധാരണ ജനന ഭാരം ഉള്ള ഏകദേശം 15 ശതമാനം കുഞ്ഞുങ്ങൾ നമ്മുടെ പരിചരണത്തിൽ ഉള്ള അജ്ഞതയും അപാകതയും കാരണം തൂക്കക്കുറവ് ഉള്ളവരായി മാറുന്നു എന്നതാണ് ദേശീയ കുടുംബാരോഗ്യ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ തൂക്കക്കുറവ് അനാരോഗ്യവും രോഗ പ്രതിരോധ ശേഷിക്കുറവും വരുത്തുന്നതുമാണ്. ആയതിനാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ഇടപെടലിലൂടെ കുഞ്ഞുങ്ങളിലെ പോഷണ ന്യൂനതകൾ പരിഹരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രയത്നിക്കണമെന്ന് ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി തോമസ് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രമ രാമകൃഷ്ണൻ , സാറാമ്മ ജോൺ , റിയാസ്‌ ഖാൻ , അംഗങ്ങളായ റീന സജി , ഒ. കെ മുഹമ്മദ് , ഷിവാഗോ തോമസ് , ജോസി ജോളി , കെ ജി രാധാകൃഷ്ണൻ , സിബിൽ സാബു , ബെസ്റ്റിൻ ചേറ്റൂർ , മഞ്ഞളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് , വാളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത സുധാകരൻ മൂവാറ്റുപുഴ ശിശു വികസന പദ്ധതി ഓഫീസർ സൗമ്യ .എം. ജോസഫ് മൂവാറ്റുപുഴ അഡീഷണൽ ഐ സി ഡി എസ് പ്രോജെക്ടിലെ ശിശു വികസന പദ്ധതി ഓഫീസർ ഡോ. ജയന്തി . പി. നായർ എന്നിവർ പ്രസംഗിച്ചു.