മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിർബന്ധമായും പാലിക്കേണ്ട കോവിഡ് സുരക്ഷാ മാർഗ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്ന എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വാക്സിനേഷൻ കേന്ദ്രങ്ങിൽ വാക്സിൻ എടുക്കാൻ വരുന്നവരും ഉദ്യോഗസ്ഥരും മറ്റുള്ള എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും വേണം. കേന്ദ്രങ്ങളിൽ ആൾക്കൂട്ടം പാടില്ല. വാക്സിനേഷൻ കേന്ദ്രത്തിൽ ചുമതലപ്പെടുത്തിയ വാക്സിനേഷൻ ഓഫീസർമാരേയും ആരോഗ്യ പ്രവർത്തകരേയും വാക്സിൻ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കേന്ദ്രങ്ങളിൽ വാക്സിനേഷൻ ബോധവത്ക്കരണ പോസ്റ്ററുകൾ സ്ഥാപിക്കേണ്ടതാണ്. വാക്സിനേഷൻ ബൂത്തുകൾ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തിൽ വച്ച് തന്നെ തിരിച്ചറിഞ്ഞ് മതിയായ ആരോഗ്യ പരിചരണം നൽകണം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അപ്പപ്പോൾ തന്നെ വിലയിരുത്തി പരിഹരിച്ച് വാക്സിനേഷൻ പ്രക്രിയ സുഗമമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് വാക്സിനേഷന്റെ ജില്ലകളിലെ ഒരുക്കങ്ങൾ അന്തിമമായി വിലയിരുത്തുന്നതിന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. എല്ലാ ജില്ലകളിലേയും കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് ജില്ലകളിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കോവിഡ് വാക്സിനേഷനായി എല്ലാ ജില്ലകളും തയ്യാറാണെന്ന് യോഗം വിലയിരുത്തി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.