തൃശ്ശൂർ:   കാർഷിക രംഗത്ത് നഷ്ട്ടപ്പെട്ട ജൈവ സംസ്കൃതി തിരിച്ചുപിടിക്കാൻ മുന്നിട്ടിറങ്ങിയ തിരുവില്വാമലയിലെ
കർഷകരുടെ നിശ്ചയദാർഢ്യമാണ്
‘തിരുവില്വാദ്രി മട്ട’ എന്ന ബ്രാൻഡ്‌ അരിയുടെ ജനിതക രഹസ്യം.100 ശതമാനം ജൈവകൃഷി എന്ന വലിയ വെല്ലുവിളി സധൈര്യം ഏറ്റടുത്ത് വിജയിപ്പിച്ച കർഷക സമിതിയും എല്ലാ പിന്തുണയും നൽകി കൂടെനിന്ന സർക്കാർ സംവിധാനങ്ങളും തിരുവില്വാദ്രി മട്ട’ എന്നപേരിൽ അരിയുടെ പുതിയ ബ്രാന്റിന് പിന്നിലുണ്ട്.

ജൈവകൃഷിയിലേക്ക് മടക്കം
തിരുവില്വാമല ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പാറക്കടവ് പാടശേഖരത്തിൽ കഴിഞ്ഞ വർഷമാണ് സമ്പൂർണ്ണ ജൈവ നെൽ കൃഷി ആരംഭിച്ചത്. ജൈവകൃഷിയുടെ ചിലവ്, വിള പരിപാലിക്കാനും വിറ്റഴിക്കാനുള്ള ബുദ്ധിമുട്ട് എന്നീ വെല്ലുവിളികളെ നേരിടാൻ ഇറങ്ങിയത് നാല് കർഷകരാണ്. എല്ലാ പിന്തുണയും നൽകി കാർഷിക വിജ്ഞാന കേന്ദ്രവും കാർഷിക സർവകലാശാലയും കൂടെ നിന്നത്തോടെ കർഷകർക്ക് മികച്ച വിളവ് ലഭിച്ചു.

കാർഷിക വിജ്ഞാന കേന്ദ്രം വഴി
വിളവിന് നല്ല വിലയും ലഭിച്ചതോടെ
കൂടുതൽ കർഷകർ ജൈവകൃഷിയിലേക്ക് ഇറങ്ങാൻ തയ്യാറായി. 16 കർഷകരുടെ കൂട്ടായ്മയിലാണ് കഴിഞ്ഞ തവണ ഇവിടെ കൃഷിയിറക്കിയത്. പഴയന്നൂർ എം എൽ എ, യു ആർ പ്രദീപായിരുന്നു കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തത്.
ഈ വിളവാണ് ‘തിരുവില്വാദ്രി മട്ട’ എന്ന പേരിൽ വിപണിയിൽ എത്തിയിരിക്കുന്നത്.
ജൈവകൃഷിയുടെ പുതുവഴികൾ
കൃഷിയുടെ പ്രാരംഭഘട്ടത്തിൽ
കൃഷി വിജ്ഞാന കേന്ദ്രം, കർഷകർക്ക്
ജൈവ കൃഷിയിൽ പരിശീലനം സംഘടിപ്പിക്കുകയും സമയബന്ധിതമായ കാർഷിക മുറകൾ ഉൾപ്പെടുത്തിയ കലണ്ടർ കർഷകർക്ക് ലഭ്യമാക്കുകയും ചെയ്തു.

കൃഷിക്കായി തിരഞ്ഞെടുത്ത ജയ, ഉമ എന്നീ വിത്തുകൾ സ്യൂഡോമോണസ് ലായനിയിൽ മുക്കി വച്ചാണ് വിതച്ചത്. വിത്തുകളിൽ മികച്ച രീതിയിൽ മുളപൊട്ടുന്നതിന് ഇത് സഹായകരമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഞാറിന്റെ വളർച്ചയ്ക്കും മണ്ണിരക്കമ്പോസ്റ്റ് വേപ്പിൻ പിണ്ണാക്ക് ചേർത്ത് ഇടവേളകളിൽ നൽകി. ഓലചുരുട്ടി തണ്ട് തുരപ്പൻ എന്നീ കീടങ്ങളുടെ ആക്രമണത്തിനെതിരെ കൃഷി വകുപ്പ് സ്വാഭാവിക പ്രതിരോധ കീടങ്ങളുടെ മുട്ടകൾ അടങ്ങിയ കാർഡുകൾ നൽകി.

പാടശേഖരം ഭാരവാഹിയും മുതിർന്ന കർഷകനുമായ രാജു നാരായണസ്വാമിയുടെ നേതൃത്വത്തിൽ കർഷകരുടെ ഒരു ക്ലസ്റ്റർ ഇവിടെ രൂപീകരിച്ചു ഒട്ടേറെ കർഷക അവാർഡുകൾ നേടിയ കർഷകനാണ് ഇദ്ദേഹം. ഭക്ഷ്യ ഉൽപ്പന്നങ്ങൾ കീടനാശിനി അവശിഷ്ട രഹിതമാക്കുക, ഇതുവഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന കൃഷി വികാസ് യോജന പദ്ധതിയുടെ പിന്തുണ ഇവിടത്തെ കർഷക കൂട്ടായ്മക്ക് ലഭിച്ചു.

ജൈവ വളവും ജൈവ കീടനാശിനിയും കൃഷിഭവൻ ഓഫീസ് വഴി കൃത്യസമയത്ത് ലഭ്യമാക്കി കൃഷിവകുപ്പും കർഷകർക്കൊപ്പം നിന്നു. ജൈവ അരി 65 രൂപ നിരക്കിൽ വിറ്റഴിക്കാൻ കാർഷിക വിജ്ഞാന കേന്ദ്രവും മുൻപന്തിയിലുണ്ട്.
ജൈവകൃഷി മൂന്ന് വർഷം പിന്നിടുന്നത്തോടെ കേന്ദ്ര അംഗീകാര സമിതി നൽകുന്ന സർട്ടിഫിക്കറ്റ് തിരുവില്വാദ്രി മട്ടയ്ക്ക് കൈവരും.
തിരുവില്വാമല പാടശേഖര സമിതി പ്രസിഡന്റ് അബ്ദുൽ മജീദ് പള്ളിവാസൻ, സെക്രട്ടറി രാജു വെട്ടുകാടൻ, അംഗങ്ങളായ രാജു നാരായണ സ്വാമി, പി രാമചന്ദ്രൻ നായർ, കൃഷി ഓഫീസർ എസ്. ശരണ്യ, അഡീഷണൽ ഡയറക്ടർ ഓഫ് അഗ്രിക്കൾചർ ഷീബ ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവിടെ ജൈവകൃഷി നടത്തിയത്.