ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ഇത്തവണത്തെ ബഡ്ജറ്റ് അവതരണത്തിന് കൂട്ടുപിടിച്ചത് കുട്ടികളുടെ കവിതകൾ. ബഡ്ജറ്റ് പ്രസംഗം ആരംഭിച്ചത് പാലക്കാട് കുഴൽമന്ദം ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ സ്‌നേഹയുടെ കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ്. ഇടുക്കി കണ്ണമ്പാടി ജി.എച്ച്.എസ്.എസിലെ കെ.പി. അമലിന്റെ വരികൾ ചൊല്ലിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ രചനകളിൽ നിന്നുള്ള ഭാഗങ്ങളാണ് അദ്ദേഹം ബഡ്ജറ്റിനൊപ്പം അവതരിപ്പിച്ചത്.
മടവൂർ എൻ.എസ്.എസ്. സ്‌കൂളിലെ ആർ.എസ്. കാർത്തിക, വയനാട് കണിയാംപറ്റ ഗവ. സ്‌കൂളിലെ അളകനന്ദ, അയ്യൻകോയിക്കൽ ഗവ. സ്‌കൂളിലെ കനിഹ, തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലെ എസ്. എസ്.ജാക്‌സൺ, കണ്ണൂർ മൊകേരി ആർ.ജി.എം. സ്‌കൂളിലെ അരുന്ധതി ജയകുമാർ, എറണാകുളം മാർ സെന്റ് സ്റ്റീഫൻ സ്‌കൂളിലെ അഞ്ജന സന്തോഷ്, കണ്ണൂർ പാച്ചേനി സ്‌കൂളിലെ ഇനാര അലി, കൊല്ലം കോയിക്കൽ ഗവ. സ്‌കൂളിലെ അലക്‌സ് റോബിൻ റോയ്, മലപ്പുറം മലഞ്ചേരി ജി.യു.പി.എസിലെ ദേവനന്ദ, മലപ്പുറം കരിങ്കപ്പാറ ജി.യു.പി.എസിലെ അഫ്ര മറിയം, ഇരട്ടയാർ ഗവ. സ്‌കൂളിലെ ആദിത്യ രവി, കണ്ണൂർ കണ്ണാടിപറമ്പ് ഗവ. സ്‌കൂളിലെ ഷിനാസ് അഷ്‌റഫ്, കൊല്ലം തോട്ടട ഗവ. ഹൈസ്‌കൂളിലെ നവാലൂർ റഹ്‌മാൻ എന്നീ കുട്ടികളുടെ രചനകളാണ് മന്ത്രി ബഡ്ജറ്റിലെ ആശയങ്ങൾ വ്യക്തമാക്കുന്നതിനായി ഉപയോഗിച്ചത്.
ഇത്തവണത്തെ ബഡ്ജറ്റ് രേഖകളുടെ കവർ ചിത്രങ്ങളായി ഉപയോഗിച്ചിരിക്കുന്നതു സ്‌കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ച കലോത്സവത്തിന്റെ ഭാഗമായി കുട്ടികൾ രചിച്ചതും ‘നേർക്കാഴ്ച’ പരിപാടിയിൽ അവതരിപ്പിച്ചതുമായ ചിത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. അച്ചടിച്ച ബഡ്ജറ്റ് പ്രസംഗത്തിന്റെ കവർ ചിത്രങ്ങൾ രചിച്ചത് കുടയത്തൂർ ഗവ. സ്‌കൂളിലെ ശ്രീനന്ദനയും, കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ ജഹാൻ ജോബിയുമാണ്. തൃശൂർ വടക്കാഞ്ചേരി ജി.എൽ.പി. സ്‌കൂളിലെ അമൽ ഷാസിയ അജയ്, കാസർകോട് ജ്യോതിർഭവൻ സ്പെഷ്യൽ സ്‌കൂളിലെ അനുഗ്രഹ വിജിത്, കാസർകോഡ് പി.എ. എൽ.പി.സ്‌കൂളിലെ വി.ജീവൻ, തൃശൂർ എടക്കഴിയൂർ എസ്എസ്എം വിഎച്ച് എസിലെ മർവ കെ എം, യു.എ.ഇ. ഹാബിറ്റാറ്റ് സ്‌കൂളിലെ നിയ മുനീർ എന്നിവരുടെ ചിത്രങ്ങളാണ് മറ്റ് ബഡ്ജറ്റ് രേഖകളിൽ ഉപയോഗിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരിക്കാലത്ത് വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ട നമ്മുടെ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകാശിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പരിപാടികളാണ് അക്ഷരവൃക്ഷവും നേർക്കാഴ്ചയും.
ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിലൂടെ ഈ കുട്ടികളെയും അക്ഷരവൃക്ഷം, നേർക്കാഴ്ച പദ്ധതികളേയും കേരള ചരിത്രത്തിന്റെ ഭാഗമാക്കിയിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. അക്ഷരവൃക്ഷം പദ്ധതിയിൽ പങ്കുകൊണ്ട അരലക്ഷത്തിലധികം സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള അംഗീകാരമാണിത്. അവരുടെ സർഗ്ഗ പ്രതിഭക്ക് ലഭിച്ച അസുലഭമായ അംഗീകാരം. പദ്ധതിക്ക് രൂപം നല്കിയ പൊതുവിദ്യാഭ്യാസ വകുപ്പിനും ഇത് ഏറെ അഭിമാനിക്കാൻ ഇട നൽകുന്നതായി മന്ത്രി അറിയിച്ചു. അമൂല്യമായ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും ധനമന്ത്രിക്ക് അദ്ദേഹം നന്ദി പറഞ്ഞു.