കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മെയ് മാസം ആരംഭിക്കുന്ന വിവിധ തൊഴിൽ നൈപുണ്യ പരിശീലന കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് അസിസ്റ്റന്റ് ഇക്ട്രീഷ്യൻ, മൾട്ടി കുസിൻ കുക്ക്, ആയുർവ്വേദ സ്പാ തെറാപ്പി, ഇലക്‌ട്രോണിക്‌സ് റിപ്പയറിംഗ്, സൈബർ സെക്യൂരിറ്റി, 2, 3, 4 വീൽ സർവ്വീസിംഗ്, എ.സി ടെക്‌നീഷ്യൻ , അസി. ഫിസിയോതെറാപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫാഷൻ ഡിസൈനർ, ഗ്യാസ് വെൽഡിംഗ്, മെറ്റൽ ഫാബ്രിക്കേഷൻ എന്നിങ്ങനെ വിവിധ കോഴ്‌സുകളിലേക്കാണ് പ്രവേശനം. കട്ടപ്പന നഗരസഭയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നോൺറസിഡൻഷ്യൽ , റസിഡൻഷ്യൽ രീതിയിൽ നടത്തുന്ന മൂന്ന് മുതൽ ഒൻപത് മാസംവരെ ദൈർഘ്യമുള്ള കോഴ്‌സുകളിൽ പ്രവേശനവും തുടർപഠനവും തികച്ചും സൗജന്യമായിരിക്കും.
അപേക്ഷകർ നഗരസഭാപരിധിയിലെ സ്ഥിരതമാമസക്കാരും 18നും 35നു ഇടയിൽ പ്രായമുള്ളവരും വാർഷിക വരുമാനം 50,000 രൂപയിൽ കവിയാത്ത കുടുംബങ്ങളിലെ അംഗങ്ങളുമായിരിക്കണം. എട്ടാം ക്ലാസ് മുതൽ ഡിഗ്രി വരെയാണ് വിവിധ കോഴ്‌സുകളുടെ യോഗ്യത. താൽപര്യമുള്ള അപേക്ഷകർ മെയ് മൂന്നിന് രാവിലെ 10ന് കട്ടപ്പന മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ എത്തിച്ചേരണം. വിവിധ കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നേരിൽ കാണുന്നതിനും അഡ്മിഷൻ എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് നഗരസഭയിലെ എൻ.യു.എൽ.എം വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ 8547016272.