തിരുവനന്തപുരം:തലസ്ഥാന നഗരത്തിന്റെ വ്യവസായ വികസനം ലക്ഷ്യമിട്ടു ക്യാപിറ്റൽ സിറ്റി റീജിയണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം എന്ന ബൃഹത് പദ്ധതി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്, തിരുവനന്തപുരം നഗരത്തിനു കിഴക്കുഭാഗത്തുകൂടി വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 78 കിലോമീറ്റർ വ്യവസായ ഇടനാഴിയാണു പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. 25,000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്ന പദ്ധതി നടപ്പാകുന്നതോടെ തിരുവനന്തപുരം ജില്ലയുടെ വ്യവസായ വളർച്ചയിൽ വൻ കുതിപ്പുണ്ടാകും.
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയും ഇരു വശങ്ങളിലുമായി 10,000 ഏക്കറിൽ നോളഡ്ജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ  കേന്ദ്രങ്ങൾ, ടൗൺ ഷിപ്പുകൾ എന്നിവയുടെ വമ്പൻ ശൃംഖലയും സ്ഥാപിക്കുന്നതാണു പദ്ധതി. ഇതിനായി ക്യാപിറ്റൽ സിറ്റി റീജിയൺ ഡെവലപ്‌മെന്റ് കമ്പനി രൂപീകരിച്ചു രജിസ്റ്റർ ചെയ്യും. കമ്പനി നിലവിൽവരുന്നതോടെ ഈ മേഖലയിൽനിന്നു ഭൂമി വിൽക്കുമ്പോൾ കമ്പോള വിലയ്ക്കു വാങ്ങാൻ കമ്പനി സന്നദ്ധമാകും. ഭൂമി വില ലാൻഡ് ബോണ്ടായി നൽകാം. റെഡി ക്യാഷ് വേണ്ടവർക്ക് അങ്ങനെയും നൽകും.
ഭൂമി വിൽക്കാൻ താത്പര്യമില്ലാത്തവർക്കു ലാൻഡ് പൂളിങ് പദ്ധതിയിൽ പങ്കാളികളാകാനും അവസരമുണ്ടാകും. കൈവശം വയ്ക്കുന്ന ഭൂമിക്കു പത്തു വർഷം കൊണ്ടു നാലിരട്ടി വില വർധന ഇതിലൂടെ ഉറപ്പുനൽകും. അല്ലെങ്കിൽ നാലിരട്ടി വിലയ്ക്കു കമ്പനി വാങ്ങാൻ തയാറാകും. കമ്പനി ഏറ്റെടുക്കുന്ന ഭൂപ്രദേശത്തു പശ്ചാത്തല സൗകര്യങ്ങൾ ഉറപ്പാക്കി നിക്ഷേപകർക്കു കൈമാറും. ക്യാപിറ്റൽ സിറ്റി റീജിയൺ ഡെവലപ്‌മെന്റ് കമ്പനിക്ക് സീഡ് മണിയായി 100 കോടി രൂപ വകയിരുത്തി.
പഞ്ചവത്സര പദ്ധതിയിൽ തലസ്ഥാന വികസനം ഉറപ്പാക്കും
തലസ്ഥാന നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക പ്രാധാന്യം നൽകിയുള്ള നടപടികളാകും സർക്കാർ സ്വീകരിക്കുകയെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം നഗര വികസനത്തിനായുള്ള സർക്കാരിന്റെ കാഴ്ചപ്പാടിലെ പ്രധാന ഘടകങ്ങൾ ചുവടെ:
* സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് സ്‌കീം രണ്ടാം ഘട്ടം –  864 കോടി
* കിഫ്ബി, പൊതുമരാമത്ത് പ്രവൃത്തികൾ – 900 കോടി
* നെയ്യാർ – അരുവിക്കര കുടിവെള്ള പദ്ധതി – 635 കോടി
* സമ്പൂർണ ശുചിത്വം, സ്വീവേജ് പൂർത്തിയാക്കൽ – 525 കോടി
* തിരുവനന്തപുരം നഗരത്തെ വിദ്യാഭ്യാസ – ആരോഗ്യ ഹബ്ബാക്കൽ – 900 കോടി
* തിരുവനന്തപുരം പൈതൃക പദ്ധതി – 250 കോടി
* ആക്കുളം, വേളി ടൂറിസം വികസനം – 150 കോടി
* ചിത്രാഞ്ജലി ഫിലിം സിറ്റി  കോംപ്ലക്‌സ്, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങൾ – 150 കോടി
* ഐടി, ലൈഫ് സയൻസ്, വിഡിയോ പാർക്കുകളുടെ വികസനം – 534 കോടി
* റിങ് റോഡും ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്‌മെന്റും
* കളിയിക്കാവിള റോഡ്  രണ്ടാം ഘട്ടം