** വാക്‌സിനേഷൻ കേന്ദ്രത്തിൽ പുറമേനിന്ന് ആരെയും പ്രവേശിപ്പിക്കില്ല
** ഫോട്ടോ, വിഡിയോ അനുവദിക്കില്ല

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ നടക്കുന്ന 11 കേന്ദ്രങ്ങളിലും ശുചിത്വവും സുരക്ഷാ പ്രോട്ടോക്കോളും കർശനമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും പ്രോട്ടോക്കോളും കർശനമായി പാലിച്ചാകും നടപടിക്രമമെന്നും കളക്ടർ പറഞ്ഞു.

ഇന്നു (16 ജനുവരി) രാവിലെ 10:30നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ പരിപാടി ഓൺലൈനിലൂടെ ഉദ്ഘാടനംചെയ്ത ശേഷമാകും ജില്ലയിൽ വാക്‌സിനേഷൻ ആരംഭിക്കുക. വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോൾഡ് ചെയിൻ, ബയോമെഡിക്കൽ മാലിന്യ നിർമാർജന സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വാക്സിനേഷനു ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഉപയോഗിക്കാൻ ആംബുലൻസ് അടക്കമുള്ള മുൻകരുതലുകളുമെടുത്തിട്ടുണ്ട്.

വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ സ്ഥലം, കാത്തിരിപ്പ് കേന്ദ്രം, കുത്തിവെപ്പ് മുറി, നിരീക്ഷണ മുറി എന്നിവിടങ്ങളിൽ വാക്‌സിനേഷൻ ടീമിലെ അംഗങ്ങളും ചുമതലയുള്ള ഉദ്യോഗസ്ഥരും ഗുണഭോക്താവും ഒഴികെ ആരെയും പ്രവേശിക്കാൻ അനുവദിക്കില്ല. സ്ഥാപനത്തിലെ അഡ്മിനിസ്‌ട്രേഷൻ സ്റ്റാഫുകൾക്കും ഉദ്യോഗസ്ഥർക്കും വിഐപികൾക്കും ഇതു ബാധകമായിരിക്കും.

വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഫോട്ടോ, വിഡിയോഗ്രഫി അനുവദിക്കില്ല. ഗുണഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ രജിസ്‌ട്രേഷൻ നടത്തുന്ന സ്ഥലത്ത് ഉൾപ്പെടെ ഫോട്ടോ, വിഡിയോഗ്രഫി മൊബൈൽ ഫോണിൽ പോലും എടുക്കാൻ അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.