കണ്ണൂർ:   സംസ്ഥാനം കൈവരിച്ച മുന്നേറ്റത്തിൽ തിളങ്ങുന്ന അധ്യായമായി ഐടിഐകൾ മാറുകയാണെന്ന് തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. പടിയൂർ ഗവ. ഐടിഐയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭാവി തലമുറയെ മുന്നിൽ കണ്ടുകൊണ്ടുള്ള നിലപാടുകളും പദ്ധതികളുമാണ് സർക്കാർ നടപ്പാക്കി വരുന്നത്. കഴിവ് തെളിയിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്നതിനുള്ള ആധുനിക സൗകര്യങ്ങളാണ് ഐടിഐകൾ വഴി സർക്കാർ ഒരുക്കുന്നത്. എല്ലാം സർക്കാർ ഐടിഐകളെയും ഉന്നത നിലവാരമുള്ളവയാക്കി പരിശീലന നിലവാരം ഉയർത്തി മറ്റ് രാജ്യങ്ങളിലുള്ളവരുമായി  കിടപിടിക്കത്തക്ക വിധത്തിലുള്ള തൊഴിൽ വൈധഗ്ദ്യം നൽകാൻ നമ്മുടെ ഐടിഐകൾക്കും സാധിക്കും.
പ്രാദേശിക വികസനത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും ഐടിഐ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്  – മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുൻനിര ഐടിഐകളിൽ ഒന്നായി പടിയൂർ മാറും. രണ്ട് മാസത്തിനുള്ളിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കണമെന്നും  സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.2017 മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്ന പടിയൂർ ഐടിഐക്ക് കല്ല്യാട് നീലിക്കുളത്താണ് അഞ്ച് ഏക്കർ സർക്കാർ ഭൂമി അനുവദിച്ചത്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി 4.95 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇരുപത്തിലധികം ട്രേഡുകളും അവയ്ക്ക് ആവശ്യമായ ആധുനിക വർക്ക്‌ ഷോപ്പുകൾ, ഹോസ്റ്റലുകൾ, സ്റ്റാഫ്‌ ക്വാർട്ടേഴ്‌സ്, മിനി സ്റ്റേഡിയം എന്നിവ ഉൾപ്പെടെ ഫസ്റ്റ് ഗ്രേഡ് ഐടിഐ ആക്കുകയാണ് ലക്ഷ്യം.

കല്ല്യാട് നീലിക്കുളത്ത് നടന്ന ചടങ്ങിൽ വ്യവസായ- കായിക വകുപ്പ് മന്ത്രി  ഇ പി ജയരാജൻ അധ്യക്ഷനായി. പടിയൂരിൽ ഒരു വികസനക്കുതിപ്പ് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും എല്ലാ മേഖലകളിലും വലിയ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും കൂടുതൽ പരിശീലങ്ങൾക്കുള്ള സൗകര്യങ്ങൾ പടിപടിയായി നേടിയെടുക്കണമെന്നും മന്ത്രി  പറഞ്ഞു.

ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിങ് ( കോഴിക്കോട്) സി രവികുമാർ ജില്ലാ പഞ്ചായത്ത്‌ അംഗം എൻ പി ശ്രീധരൻ,  ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് റോബർട്ട്‌ ജോർജ്, അംഗം സി വി എൻ യാസിറ, എം പി പ്രസന്ന, പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ മിനി, അംഗങ്ങളായ  രാഖി രവീന്ദ്രൻ, കെ രാകേഷ്, പടിയൂർ ഗവ. ഐ ടി ഐ പ്രിൻസിപ്പാൾ ബി എസ് ദിലീപൻ, സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു.