കാസര്‍കോട്:സംസ്ഥാനത്തിന്റെ സമഗ്ര മേഖലകളെയും സ്പര്‍ശിക്കുന്ന ബജറ്റില്‍ കാസര്‍കോടിനും കരുതല്‍. ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് രൂപീകരിച്ച കാസര്‍കോട് വികസന പാക്കേജിന് 2021-22 വര്‍ഷം 125 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 75 കോടിയായിരുന്നു കാസര്‍കോട് വികസന പാക്കേജിന് അനുവദിച്ചത്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിച്ചതിനൊപ്പം പുതിയതായി അനുവദിച്ച 4000 തസ്തികളില്‍ പ്രഥമ മുന്‍ഗണന കാസര്‍കോട് മെഡിക്കല്‍ കോളേജിന് നല്‍കുമെന്നും ബജറ്റില്‍ എടുത്തു പറയുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 19 കോടിയുടെ സംയോജിത പാക്കേജ്
ജില്ലയില്‍എന്റോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസ നടപടികളെടുക്കാനുള്ള തുടര്‍ പദ്ധതിക്ക് ബജറ്റില്‍ 19 കോടി രൂപ വകയിരുത്തി. എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പുനരധിവാസ സെല്‍ പുനരധിവാസ സഹായം, മുളിയാര്‍ പഞ്ചായത്തില്‍ പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്കുള്ള തുക എന്നിവ ബജറ്റില്‍ ഉള്‍പ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ മൂലം കിടപ്പ് രോഗികളായവര്‍ക്ക് 2200 രൂപ നിരക്കിലും വികലാംഗ പെന്‍ഷന്‍ വാങ്ങുന്ന രോഗികള്‍ക്ക് 1700 രൂപ, മറ്റുള്ള രോഗികള്‍ക്ക് 1200 രൂപ വീതവും ധനസഹായം നല്‍കി വരുന്നുണ്ട്. ഇതു പോലെ ഈ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 2000 രൂപ, 8 മുതല്‍ 10 വരെ 3000 രൂപ, 11ഉം 12ഉം ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 4000 രൂപ എന്നീ നിരക്കില്‍ നല്‍കി വരുന്ന ധനസഹായം തുടരും. എന്റോസള്‍ഫാന്‍ മൂലം പൂര്‍ണ്ണമായും കിടപ്പിലായ രോഗികള്‍, മാനസീക രോഗികള്‍ എന്നിവരെ പരിചരിക്കുന്നതിന് 700 രൂപ ധനസഹായമായി നല്‍കും.
ബജറ്റില്‍ കാസര്‍കോട് ജില്ലയുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
നീലേശ്വരം ബസാര്‍- തളിയില്‍ അമ്പലം റോഡ് നവീകരണം- ഒരുകോടി
കാഞ്ഞങ്ങാട് നഗരസഭ ഡ്രൈനേജ് നിര്‍മ്മാണം- രണ്ട് കോടി
മഞ്ചേശ്വരം താലൂക്കില്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫീസ് നിര്‍മ്മാണം- 60 ലക്ഷം
കള്ളാര്‍-ചുള്ളിത്തട്ട് റോഡ്-1.80 കോടി
ചെങ്കള-അക്കരക്കര-ബേവിഞ്ച റോഡ് -ഒരു കോടി
പോരിയ-കാഞ്ഞിരടുക്കം-ഒടയംചാല്‍ – രണ്ട് കോടി
കുണ്ടം കുഴിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, കയ്യൂര്‍ സമര ചരിത്ര മ്യൂസിയം, നീലേശ്വരത്ത് ലോ അക്കാദമി ആന്റ് സ്റ്റഡി സെന്റര്‍, നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ കല്ലളന്‍ വൈദ്യര്‍ സ്മാരക സാംസ്‌ക്കാരിക സമുച്ഛയം, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ.എം അഹമ്മദിന്റെ പേരില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍, മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പളയില്‍ മഞ്ചേശ്വരം താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍, പരപ്പ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, കുറ്റിക്കോല്‍ ഐ.ടി.ഐ, ഉദുമ സ്പിന്നിങ് മില്‍ നവീകരണം, കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഓഡിറ്റോറിയം, കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ തൊഴില്‍ വ്യവസായ പാര്‍ക്ക്, ഉപ്പള തുരുത്തിക്കുന്നില്‍ പാലം നിര്‍മ്മാണം, മധൂര്‍-പട്ള-കൊല്ലംങ്ങാനം റോഡ്, നെക്രംപാറ-ആര്‍ളടുക്കം-പുണ്ടൂര്‍-നാരമ്പാടി-ഏത്തടുക്ക റോഡ്, പെര്‍മുദെ-ധര്‍മ്മത്തടുക്ക റോഡ്, മൊഗ്രാല്‍ പുത്തൂര്‍-ചേരങ്കൈ കടപ്പുറം-ലൈറ്റ്ഹൗസ് പള്ളം റോഡ്, അരമങ്ങാനം പാലം, മുനമ്പം പാലം, ബാവിക്കര തടയണയ്ക്ക് സമീപം ട്രാക്ടര്‍ വേ, ആശ്രമം സ്‌കൂള്‍ കുണ്ടംകുഴി എന്നിവയാണ് ജില്ലയ്ക്ക് ബജറ്റില്‍ ലഭിച്ച നേട്ടങ്ങള്‍
മൂന്നു പ്രധാന വ്യവസായ ഇടനാഴികളാണ് ബഡ്ജറ്റില്‍ പറയുന്നത്. അതില്‍ ഒന്നാണ് മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴി. ഇതിന് പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
പ്രധാന വികസന ഏജന്‍സികളായ കെ എസ് ഐ ഡി സിയ്ക്കും കിന്‍ഫ്രയ്ക്കും 401 കോടി അനുവദിച്ചു. കാസര്‍കോട് കെ എസ് ഐ ഡി സി ഇന്‍ഡസ്ട്രീയല്‍ പാര്‍ക്ക് വ്യവസായ മേഖലയ്ക്ക് വലിയ നേട്ടമാകും.
കാസര്‍കോട് എയര്‍സ്ട്രിപ്പിന്റെ ഡി പി ആര്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും കാസര്‍കോട് കൂടാതെ ശബരിമല, ഇടുക്കി, വയനാട് എയര്‍സ്ട്രിപ്പുകള്‍ക്കുമായി ഒമ്പത് കോടി രൂപ വകയിരുത്തിയതായും ബജറ്റില്‍ പറയുന്നു.
ദേശീയ പാത എന്‍ എച്ച് 66, മലയോര ഹൈവയുടെ റീച്ചുകളുടെ പൂര്‍ത്തീകരണത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നു.
തീരദേശ മേഖലയ്ക്കായുള്ള 5000 കോടി രൂപയുടെ പാക്കേജും നിലവിലുള്ള ടൂറിസം ഡെസ്റ്റിനേഷനുകളുടെ പശ്ചാത്തല സൗകര്യവികസനത്തിനായി 117 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചതും പ്രവാസി തൊഴില്‍ പദ്ധതിയ്ക്കായി 100 കോടി വകയിരുത്തിയതും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും മത്സ്യ കൃഷിയ്ക്കും 92 കോടി പ്രഖ്യാപിച്ചതും ജില്ലയ്ക്ക് ഗുണം ചെയ്യും.