ഇടുക്കി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോട് സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ പരിശീലന പദ്ധതി ”ഡിജിഫിറ്റിന് ” ഇടുക്കി ജില്ലയില്‍ തുടക്കമായി .വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളുടെ കീഴില്‍ ആവശ്യമായ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കുന്നതിനുളള ഡി.ആര്‍.ജി പരിശീലനം ജില്ലയില്‍ പൂര്‍ത്തിയായി. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷനായ യോഗത്തില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പരിശീലനം ഉദ്ഘാടനം ചെയ്തു. വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ്, യൂ ട്യൂബ് ചാനല്‍, ഗൂഗിള്‍ സൈറ്റ്‌സ്, സമഗ്ര പോര്‍ട്ടല്‍ , സൈബര്‍ നിയമങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കും. പരിശീലനത്തിവു അധ്യാപകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിനുളള ലിങ്ക് എല്ലാ സ്‌കൂളുകളിലേക്കും അയച്ചുനല്‍കുമെന്ന് സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു മോള്‍ ഡി അറിയിച്ചു.