കണ്ണൂർ: പാറപ്രം റഗുലേറ്റര്‍ പദ്ധതി പൂര്‍ത്തിയായാല്‍ പ്രദേശത്തെ 1200 ഏക്കര്‍ കൃഷിക്ക് ഗുണപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പിണറായി പാറപ്രത്ത് നിര്‍മിക്കുന്ന ലോക്കോടുകൂടിയ റെഗുലേറ്ററിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിലവില്‍ പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, പെരളശ്ശേരി പഞ്ചായത്തുകളിലെ കൃഷി സ്ഥലങ്ങളില്‍ ഉപ്പുവെള്ളം കയറുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. പദ്ധതി പൂര്‍ത്തിയായാല്‍ ഇതിനു പരിഹാരം കാണാന്‍ കഴിയുമെന്നും ഇത് കാര്‍ഷിക മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി, മാഹി നഗരസഭകളിലെക്കും, ധര്‍മ്മടം പഞ്ചായത്തിലെക്കുമുള്ള കുടിവെള്ളം ലഭ്യമാക്കുന്ന കീഴല്ലൂര്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനില്‍ ശുദ്ധ ജലലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം പ്രദേശത്തെ ഭൂഗര്‍ഭ ജലലഭ്യത വര്‍ധിപ്പിക്കാനും പദ്ധതിയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മ്മടം മണ്ഡലത്തിലെ പിണറായി പെരളശ്ശേരി പഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ചാണ് പാറപ്രം റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നത്. കിഫ്ബിയില്‍ നിന്നും അനുവദിച്ച 44.49 കോടി രൂപ ഉപയോഗിച്ച് 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നീളം 99.6 മീറ്ററാണ്. 12 മീറ്റര്‍ നീളമുള്ള ആറ് ഷട്ടറുകളും 14 മീറ്റര്‍ നീളമുള്ള ലോക്കും 1.5 മീറ്റര്‍ വീതിയുള്ള നടപ്പാലവുമാണ് നിര്‍മ്മിക്കുന്നത്. ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് തടയുക, ശുദ്ധജലം സംഭരിച്ച് കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുക, ഉപ്പുവെള്ളം കയറി കുടിവള്ളം മലിനമാകുന്നത് തടയുക തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശം.
ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ രാജീവന്‍, എ വി ഷീബ, കെ പി ലോഹിതക്ഷന്‍, കെ ഗീത, കെ ഐ ഡി സി മാനേജിങ് ഡയറക്ടര്‍ എന്‍ പ്രശാന്ത്, കെ ഐ ഐ ഡി സി ചീഫ് എഞ്ചിനീയര്‍ ടെറന്‍സ് ആന്റണി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.