അലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ കോവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഡി ബ്ലോക്ക് മൂന്നാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന വാക്‌സിനേഷന്‍ സെന്റര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് പ്രക്രിയ മാത്യകയാക്കി അഞ്ച് വാക്‌സിനേഷന്‍ ഓഫിസര്‍മാര്‍ അഞ്ച് സ്റ്റേഷനുകളിലായി വാക്‌സിന്‍ സ്വീകര്‍ത്താവിനെ സെന്ററിലേയ്ക്ക് ഘട്ടം ഘട്ടമായി പ്രവേശിപ്പിക്കും. മാസ്‌ക് ധരിച്ച് വരുന്ന വ്യക്തിയെ പനി നോക്കി കൈകള്‍ ശുചിയാക്കി സെന്ററിലേക്ക് പ്രവേശിപ്പിച്ച് കോ-വിന്‍ ആപ്പില്‍ വ്യക്തിവിവരങ്ങള്‍ ഉറപ്പാക്കും. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ഉറപ്പാക്കും. വാക്‌സിനെപ്പറ്റി വിശദീകരിച്ചു കൗണ്‍സിലിങ് നടത്തിയതിനു ശേഷം വാക്‌സിന്‍ നല്‍കും. തുടര്‍ന്ന് സജീകരിച്ചിട്ടുള്ള വിശ്രമ മുറിയില്‍ രോഗിയെ ഡോക്ടര്‍മാര്‍ നിരീക്ഷിക്കും.
എന്തെങ്കിലും അലര്‍ജിയോ അനുബന്ധലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ചികിത്സിക്കാനുള്ള മിനി ഐ.സി.യു. വാക്‌സിനേഷന്‍ സെന്ററില്‍ ഉണ്ട്. കൂടുതല്‍ ചികിത്സ വേണ്ടി വന്നാല്‍ ഇതിനായി മാത്രം ഐ.സി.യുവില്‍ ബഡ്ഡുകള്‍ കരുതി വെച്ചിട്ടുണ്ട്. വിശ്രമ മുറിയില്‍ കുടിവെള്ളം, ന്യൂസ് പേപ്പര്‍, ഡിജിറ്റല്‍ ടി.വി., ശുചി മുറികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഡ്രൈ റണ്ണില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ഡോ.വിജയലക്ഷ്മി ഓരോ സ്റ്റേഷനിലുമെത്തി പ്രതീകാത്മകമായി വാക്‌സിന്‍ സ്വീകരിച്ചു.