ആലപ്പുഴ: കോവിഡ് പ്രതിരോധ വാക്സിൻ കോവി ഷീൽഡ് ശനിയാഴ്ച (ജനുവരി 16)900 പേർക്ക് നൽകും. ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ള 9 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുക. ആരോഗ്യ മേഖലയിലെ എല്ലാവരെയും വാക്സിനേഷന് വിധേയമാക്കും. രാവിലെ 10.30ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദഘാടനം ചെയ്ത ശേഷമാണ് വാക്സിൻ വിതരണം നടത്തുക.

വാക്സിനേഷൻ നടക്കുന്ന മുറിയിലേക്കു വാക്സിൻ നൽകുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും ഒഴികെ മറ്റാർക്കും പ്രവേശനമില്ല. മാധ്യമ പ്രവർത്തകർക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ മീഡിയ റൂം സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയുടെ സന്ദേശവും ഇവിടെ പ്രദർശിപ്പിക്കും. 2 മുതൽ 8 ഡിഗ്രി വരെ താപനിലയിലാണ് മരുന്നുകൾ സൂക്ഷിക്കുന്നത്. വാക്സിൻ നൽകുന്ന മുറിയും അനുബന്ധ സ്ഥലങ്ങളും പൂർണമായും അണുവിമുക്തം ആക്കിയിട്ടുണ്ട്. വാക്സിൻ സ്വീകരിച്ച ശേഷം ആർകെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ ആംബുലൻസ് ഉൾപ്പടെ സജ്ജീകരിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ എ അലക്സാണ്ടർ , ഡി എം ഒ ഡോ. എൽ അനിതകുമാരി, ഡെപ്യൂട്ടി കളക്ടർ ആശ സി എബ്രഹാം , ഡോ. രാധാകൃഷ്ണൻ, ഡോ. മോഹൻദാസ് എന്നിവർ പങ്കെടുത്തു.