ആലപ്പുഴ : ഉപയോഗശൂന്യമായ മാസ്കുകൾ അണുവിമുക്തമാക്കാനും,കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുദ്ധീകരിക്കാനുമായി ഓട്ടോമാറ്റിക് സംവിധാനമായ ‘ബിൻ 19’ മെഷീൻ കളക്ടറേറ്റിൽ സ്ഥാപിച്ചു. കളക്ടർ എ. അലക്സാണ്ടർ മെഷീന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.

ദിനം പ്രതി ഒട്ടേറെ ആളുകൾ വന്നുപോകുന്ന കളക്ടറേറ്റിൽ കോവിഡ് പ്രതിരോധത്തിന് ഈ നൂതന സംവിധാനം ഏറെ പ്രയോജനകരമാകും. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വി. എസ്. റ്റി മൊബൈൽ സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് കൂട്ടായ്മയാണ് ബിൻ -19 സംവിധാനം തയ്യാറാക്കിയത്.

തിരുവനന്തപുരം ശ്രീ ചിത്ര ഇൻസിസ്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് ആധുനിക മെഷീൻ തയ്യാറാക്കിയത്. ഇന്റർനെറ്റ്‌ ഓഫ് തിങ്ങ്സ് (ഐ. ഒ. റ്റി ) സാങ്കേതിക വിദ്യായിലധിഷ്ഠിതമായ ഉപകരണം പൂർണ്ണമായും മനുഷ്യ സ്പർശം ഏൽക്കാത്ത തരത്തിലാണ് പ്രവർത്തിക്കുന്നത്.

മാസ്കുകൾ അണുവിമുക്തമാക്കാനുള്ള പ്രക്രിയ പൂർണ്ണമായും ഓട്ടോമാറ്റിക്കായാണ് നടക്കുന്നത്. മാസ്കുകൾ യന്ത്രത്തിൽ നിക്ഷേപിക്കുന്നവർക്ക് യന്ത്രത്തിൽ സ്പർശിക്കാതെ കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു ശുദ്ധീകരിക്കാം. 5000 മാസ്കുകൾ വരെയാണ് ഉപകരണത്തിൽ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന മാസ്കുകളുടെ എണ്ണം പരമാവധി എത്തുമ്പോൾ വിവരം കൈമാറാനുള്ള സംവിധാനവും ഉപകരണത്തിൽ സജ്ജമാണ്.