ആലപ്പുഴ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഐകണ്ഠ്യോന പ്രമേയം പാസാക്കി. കാർഷികോൽപ്പന്ന വ്യാപാര വാണിജ്യ നിയമം 2020 പ്രകാരം കാർഷിക ഉൽപ്പന്നങ്ങളുടെ വിതരണത്തിനും സംഭരണത്തിനുമുള്ള സർക്കാർ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് കുത്തകകളുടെ ചൂഷണത്തിന് കർഷകരെ എറിഞ്ഞ് കൊടുക്കലാണ്.
കർഷക ശാക്തീകരണ സംരക്ഷണ നിയമം 2020 പ്രകാരം കൃഷി ഇറക്കും മുൻപേ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ അഞ്ച് വർഷം വരെ കാലാവധിയുള്ള കരാറിൽ ഏർപ്പെടാം. ഇത് കർഷകരെ അടിമത്വത്തിലേക്ക് നയിക്കും, അവശ്യ വസ്തു നിയമ ഭോഗതി ബിൽ 2020 പ്രകാരം ഭക്ഷ്യ വസ്തുക്കൾ, വളം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ സ്വകാര്യ വ്യക്തികൾക്ക് പരിധിയില്ലാതെ സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ല സർക്കാർ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തുന്നു. ഇത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി സാധിക്കും. സമരം കർഷകസമൂഹത്തിന് വേണ്ടി എന്നതിനുപരി ഈ രാജ്യത്തെ ഒാരോ സാധാരണ പൗരനും വേണ്ടിയുള്ളതാണ്.
ജനവിരുദ്ധമായ ഈ മുന്ന് നിയമങ്ങളും പിൻവലിക്കും വരെ ത്യാഗപൂർണ്ണമായ ഈ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്നാണ് കർഷകസംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ജില്ല പഞ്ചായത്ത് കമ്മറ്റിയിൽ ആർ.റിയാസ് പ്രമേയം അവതരിപ്പിച്ചു. റ്റിഎസ്. താഹ പിൻതാങ്ങി.