Kerala’s Top 50 Policies and Projects-24

ഓരോ വകുപ്പുകളിലും മികച്ച നയങ്ങൾ രൂപീകരിച്ചും പദ്ധതികൾ നടപ്പിലാക്കിയും സംസ്ഥാനത്തെ എല്ലാ മേഖലകളിലും സമഗ്ര വികസനവും ക്ഷേമവും നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇതിന് മികച്ച ഉദാഹരണമാണ് ലോട്ടറി വകുപ്പിൽ സ്വീകരിച്ച നയങ്ങളും നടപ്പിലാക്കിയ മാറ്റങ്ങളും. ഇതിനെക്കുറിച്ച് സംക്ഷിപ്തമായി ഇന്നത്തെ ലേഖനത്തിൽ സൂചിപ്പിക്കാം.

ലോട്ടറി നറുക്കെടുപ്പിന്റെ സുതാര്യത വർദ്ധിപ്പിക്കാൻ നിരവധി നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഭാഗ്യക്കുറി ടിക്കറ്റുകളുടെ സുരക്ഷ ഉറപ്പാക്കാൻ ടിക്കറ്റുകളിൽ അനുകരിക്കാനാവാത്ത പുതിയ ഏഴ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. ടിക്കറ്റ് രൂപകൽപനക്കായി അത്യാധുനിക ഹൈ സെക്യൂരിറ്റി ലാബ് ആരംഭിച്ചു. നറുക്കെടുപ്പിനായി രണ്ട് മെക്കാനിക്കൽ മെഷീനുകൾ വാങ്ങി. എല്ലാ പ്രതിദിന നറുക്കെടുപ്പുകളും ടെലിവിഷനിലൂടെ തത്സമയ സംപ്രേഷണം ആരംഭിച്ചു. ഇവയിലൂടെയെല്ലാം വകുപ്പിന്റെ ജനങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ സുതാര്യമാക്കുന്നതിന് പ്രത്യക നടപടി സ്വീകരിച്ചു.

പുതിയ കാലത്തിന് അനുസരിച്ച് നൂതന സാങ്കേതിക വിദ്യ സ്വീകരിച്ച് ഓരോ വകുപ്പിനെയും ഭാവിയിലേക്ക് നയിക്കുക എന്ന ലക്ഷ്യം ലോട്ടറി വകുപ്പിലൂടെ മികച്ച രീതിയിൽ നടപ്പിലാക്കി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ക്ലൗഡ് സെർവറുകൾ വാങ്ങിയും വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായും വേഗത്തിലും നിർവഹിക്കുന്നതിന് ലോട്ടറി സോഫ്റ്റ്‌വെയർ നടപ്പിലാക്കിയും ആധുനികവത്കരണം സാധ്യമാക്കി .

ലോട്ടറി ടിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാൻ പൊതുജനങ്ങൾക്കായി ഭാഗ്യകേരളം മൊബൈൽ ആപ്ലിക്കേഷൻ നടപ്പിലാക്കി. വകുപ്പുമായി പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ ടോൾ ഫ്രീ നമ്പറുകൾഏർപ്പെടുത്തി. സാങ്കേതിക വിദ്യ ഉപയോഗിച്ച് വകുപ്പിനെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് ഇതിലൂടെയെല്ലാം സ്വീകരിച്ചത്.

സാമൂഹികലക്ഷ്യം മുൻനിർത്തി ലോട്ടറി ടിക്കറ്റുകൾ വിഭാവനം ചെയ്യുക എന്ന ആശയവും സർക്കാർ നടപ്പിലാക്കി. ശുചിത്വ ബോധത്തിലൂടെ ഭാഗ്യജീവിതം എന്ന സന്ദേശത്തോടെ നിർമ്മൽ ഭാഗ്യക്കുറിയും പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനായി നവകേരള ഭാഗ്യക്കുറിയുമൊക്കെ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് ഇതിന്റെ ഉദാഹരണങ്ങളാണ്.

ഇവയ്‌ക്കൊക്കെ ഉപരിയായി ഭാഗ്യം വിൽക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കാനും സർക്കാർ പ്രത്യേക നടപടികൾ സ്വീകരിച്ചു. കോവിഡ് പ്രതിസന്ധി കാലത്ത് ക്ഷേമനിധി ബോർഡിലെ സജീവാംഗങ്ങൾക്ക് 2000 രൂപ വീതം 9.76 കോടി രൂപ നൽകിയതും ലോട്ടറി വിൽപന പുനരാരംഭിക്കാൻ 13.99 കോടി രൂപയുടെ ധനസഹായം നൽകിയതും സൗജന്യ യൂണിഫോം, മോട്ടോറൈസ്ഡ് ട്രൈ സ്‌കൂട്ടർ, ടിക്കറ്റ് റാക്ക്, ബീച്ച് അംബ്രല്ല തുടങ്ങിയവ തൊഴിലാളികൾക്ക് നൽകുന്നതുമൊക്കെ ഇതിന്റെ ചില ഉദാഹരണങ്ങളാണ്.

ഇപ്രകാരം സുതാര്യത വർദ്ധിപ്പിക്കാനും പുതിയ സാങ്കേതിക വിദ്യയിലൂടെ വളർച്ച ഉറപ്പാക്കാനും ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള നടപടികൾക്ക് പുറമെ ഭാഗ്യക്കുറി ടിക്കറ്റുകളുടെ വിൽപന വർദ്ധിപ്പിച്ച് സർക്കാർ ഖജനാവിലേക്കുള്ള നികുതി, നികുതിയേതര വരുമാനത്തിൽ വർദ്ധനയുണ്ടാക്കാനും ക്രമമായ പ്രവർത്തനങ്ങളിലൂടെ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.

2016 ൽ 90 ലക്ഷമായിരുന്ന പ്രതിദിന ലോട്ടറി വിൽപന നിലവിൽ 1.02 കോടിയായി ഉയർന്നു. ഇതിലൂടെ വരുമാനം 2015-16 ലെ 6,317.71 കോടിയിൽ നിന്നും 2019-20ൽ 9,972.09 കോടി രൂപയായി വർദ്ധിച്ചു. ഇപ്രകാരം സമഗ്രമായ ഉയർച്ച ആസൂത്രണം ചെയ്ത് സമഗ്ര വളർച്ചയിലേക്ക് വകുപ്പുകൾ മെച്ചപ്പെടുന്നതിന്റെ ഉദാഹരണമായി ലോട്ടറി വകുപ്പിന്റെ പുരോഗതിയെ കാണാം.

#keralas_top50_projectsandpolicies
#KeralaLeads