പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ആശുപത്രി വഴി വൈദ്യസഹായം ലഭിക്കുന്ന പദ്ധതിയാണ് പട്ടിക വര്‍ഗ സമഗ്ര ആരോഗ്യ സുരക്ഷ. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പരിയാരം സഹകരണ മെഡിക്കല്‍ കോളജ്, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലും ചികിത്സയ്‌ക്കെത്തുന്ന പട്ടിക വര്‍ശക്കാര്‍ക്ക് ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കുന്നു.
ആശുപത്രികളില്‍ ലഭ്യമല്ലാത്ത ചികിത്സയുടെ ചെലവ് (മരുന്ന് വാങ്ങാന്‍, മെഡിക്കല്‍ ടെസ്റ്റ് തുടങ്ങിയവ) 10,000 രൂപ വരെ ബി.പി.എല്‍, എ.പി.എല്‍ അന്തരമില്ലാതെ മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ലഭിക്കും. 10,000 രൂപയ്ക്ക് മുകളില്‍ വരുന്ന ചികിത്സാച്ചെലവിന്റെ സഹായം പട്ടികവര്‍ഗക്കാരില്‍ ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വ്യക്തിഗത സഹായം 10,000 രൂപ വരെ ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടും 50,000 രൂപ വരെ ആശുപത്രി വികസന സമിതിയും നല്‍കും.
50,000 രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്ന സന്ദര്‍ഭത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ ആശുപത്രി അധികൃതര്‍ ധനസഹായം അനുവദിക്കും. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സൂപ്രണ്ടുമാര്‍ക്കാണ് തുക അനുവദിക്കുന്നത്. ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, ആര്‍.സി.സി, എം.സി,സി എന്നിവിടങ്ങളില്‍ ഡയറക്ടര്‍മാര്‍ക്ക് തുക അനുവദിക്കും.
വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പട്ടിക വര്‍ഗക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന അരിവാള്‍ രോഗം ബാധിച്ചവര്‍ക്ക് സാന്ത്വനമെന്ന നിലയിലും അവര്‍ക്ക് അത്യാവശ്യം മരുന്നും മറ്റ് ജീവനോപാധികളും വാങ്ങാനുമായി പ്രതിമാസം 2500 രൂപ ധനസഹായം നല്‍കി വരുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നല്‍കുന്നത്. ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ ശുപാര്‍ശ സഹിതമാണ് അപേക്ഷിക്കേണ്ടത്