കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായി സപ്ലൈകോയെ  മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന്  ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍.  ചെറുമൂട് ആരംഭിച്ച സപ്ലൈകോ  സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ലോക്ക്ഡൗണ്‍ സമയത്ത്  86 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്തത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും, അതിഥി തൊഴിലാളികള്‍ക്കും കിറ്റുകള്‍ നല്‍കി. ഉപഭോക്താവിന് ആവശ്യമുള്ള ഉത്പന്നങ്ങള്‍  സ്വയം നോക്കി തിരഞ്ഞെടുക്കാനുള്ള അവസരം സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ ലഭിക്കുന്നു. 14 സബ്‌സിഡി സാധനങ്ങള്‍ 2012-ലെ വിലയ്ക്ക് തന്നെയാണ് ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്.

കോവിഡ് കാലത്ത് സുഭിക്ഷമായി കഴിയാനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്തി ഗവണ്‍മെന്റ് വാഗ്ദാനം പാലിച്ചുവെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്,  മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്  തുടങ്ങിയവ അതിപ്രധാന പങ്ക് വഹിക്കുന്ന ഈ കാലഘട്ടത്തില്‍ കള്ളനാണയങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമാനതകളില്ലാത്ത വികസനത്തിന്റെ  മുന്നേറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. പെരിനാട്,  പനയം,  തൃക്കരുവ,  മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ജലജീവന്‍ പദ്ധതിക്കായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി മന്ത്രി പറഞ്ഞു.

പെരിനാട് ഗ്രാമപഞ്ചായത്തില്‍   ചെറുമൂട് ജംഗ്ഷനിലെ   സപ്ലൈകോ മാവേലി സ്റ്റോര്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെയാണ്  മാവിള കോംപ്ലക്സില്‍ സൂപ്പര്‍ മാര്‍ക്കറ്റായിട്ട്  പ്രവര്‍ത്തനം ആരംഭിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ ആദ്യ വില്‍പ്പന നടത്തി.

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ബി ജയന്തി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തില്‍ സുനില്‍, പെരിനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ എസ് ശ്രുതി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനില്‍കുമാര്‍, സപ്ലൈകോ തിരുവനന്തപുരം മേഖല മാനേജര്‍ പി ജയപ്രകാശ്,  ഡിപ്പോ മാനേജര്‍ ജി എസ് ഗോപകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.