ധനകാര്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിഫ്ബി ജില്ലയിൽ 192.06 കോടിയുടെ പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി. ഏപ്രിൽ 25ന് ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസകിന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത്, കായിക-യുവജനക്ഷേമ വകുപ്പുകളുടെ കീഴിലുള്ള വിവിധ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ജിഎച്ച്എസ്എസ് കാക്കവയൽ, ജിഎച്ച്എസ്എസ് വടുവൻചാൽ, ജിഎംഎച്ച്എസ്എസ് വെള്ളമുണ്ട, ജിവിഎച്ച്എസ്എസ് അമ്പലവയൽ, ജിഎച്ച്എസ്എസ് കാട്ടിക്കുളം, ജിഎച്ച്എസ്എസ് ആനപ്പാറ, ജിഎച്ച്എസ്എസ് മേപ്പാടി, ജിഎച്ച്എസ്എസ് മൂലങ്കാവ്, ജിഎച്ച്എസ്എസ് പനമരം എന്നിവിടങ്ങളിൽ മൂന്നു കോടി രൂപ വീതമാണ് അനുവദിക്കുക. കിറ്റ്‌കോയാണ് നിർവഹണ ഏജൻസി. ബിഎം ആന്റ് ബിടി പ്രകാരം മാനന്തവാടി-പക്രംതളം റോഡ് നവീകരണത്തിന് 16 കോടി രൂപ അനുവദിക്കും. ഏകദേശം അഞ്ചു കിലോമീറ്റർ ദൂരമാണ് ഈ തുക ഉപയോഗിച്ച് നന്നാക്കുക. കേരള റോഡ് ഫണ്ട് ബോർഡാണ് നിർവഹണ ഏജൻസി. ബീനാച്ചി-പനമരം റോഡ് നവീകരണത്തിന് 54.40 കോടി അനുവദിക്കും. 22.200 കിലോമീറ്റർ ദൂരമാണിതിന്. മലയോര ഹൈവേ പ്രൊജക്റ്റിന്റെ കീഴിൽ മാനന്തവാടി-കൽപ്പറ്റ റോഡിൽ തകർന്നുകിടക്കുന്ന 6.200 കിലോമീറ്റർ, കൽപ്പറ്റ ബൈപാസ്- 3.800 കിലോമീറ്റർ, കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂർ റോഡിൽ മൂന്നു കിലോമീറ്റർ ദൂരം, ചൂരൽമല-അരുണപ്പുഴ റോഡ്- 4.500 കിലോമീറ്റർ ദൂരം നന്നാക്കാൻ 57.78 കോടിയുടെ അംഗീകാരം നൽകി. കായിക-യുവജനക്ഷേമ വകുപ്പ് കൽപ്പറ്റയിൽ നിർമിക്കുന്ന ഓംകാരനാഥ് ഇൻഡോർ സ്‌പോർട്‌സ് കോംപ്ലക്‌സിന് 36.88 കോടി രൂയും നൽകും. കിറ്റ്‌കോയെയാണ് നിർവഹണ ഏജൻസിയായി തെരഞ്ഞെടുത്തത്.