ബാല സൗഹൃദ കേരളം ജില്ലാതല ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു
മലപ്പുറം:  ബാല്യത്തിന്റെ സംരക്ഷണത്തിലൂടെ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കുട്ടികളോട് ആരോഗ്യത്തോടെയും സൂക്ഷ്മതയോടെയും പെരുമാറുന്ന സമൂഹത്തില്‍ മാത്രമാണ് പുരോഗതിയുടെയും ഉയര്‍ന്ന ചിന്തയുടെയും അംശങ്ങള്‍ ഉണ്ടാകുവെന്നും സ്പീക്കര്‍ പറഞ്ഞു.സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ബാല സൗഹൃദ കേരളം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. പൊന്നാനി ആര്‍.വി പാലസില്‍ നടന്ന ചടങ്ങില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ അധ്യക്ഷനായി.

രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്വപ്ന സാക്ഷാത്കാരങ്ങള്‍ക്കുള്ള ഉപകരണങ്ങളായി കുട്ടികളെ കാണരുതെന്നും അശ്രദ്ധമായൊരു ബാല്യം തകരുന്ന ഒരു സമൂഹത്തിന്റെ അടയാളത്തെയാണ് സൂചിപ്പിക്കുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. നവ മാധ്യമങ്ങളുള്‍പ്പടെയുള്ളവയുടെ തെറ്റായ ഉപയോഗം കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് വഴി വെക്കുന്നതായും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുകയും കുട്ടികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ബാല സാക്ഷരത ഉറപ്പു വരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ബാലസൗഹൃദ കേരളം പദ്ധതി നടപ്പിലാക്കുന്നത്. ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നഗരസഭ -പഞ്ചായത്ത് – വാര്‍ഡ് തല ബോധവത്കരണവും ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണവും സംഘടിപ്പിക്കുന്നത്.

കുട്ടികളുടെ സുരക്ഷയും സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ. കെ നസീര്‍ ചാലിയം വിഷയാവതരണം നടത്തി. പൊന്നാനി നഗരസഭ സാമൂഹ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഉപ്പാല മോഡറേറ്ററായിരുന്നു. ബാലസൗഹൃദ കേരളവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി. വിജയകുമാര്‍ വിഷയാവതരണം നടത്തി. പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. മാജിദ മോഡറേറ്ററായി. ജില്ലാതല ചടങ്ങില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം പി. ബബിത, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ ഹാരിസ് പഞ്ചിളി, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ ടി. ഹഫ്സത്ത്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, സി.ഡബ്ല്യു.സി ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌കര്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.