തൃശ്ശൂർ: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതിനാൽ മാർച്ച് പാസ്റ്റ് ഇല്ലാതെയാണ് ഇത്തവണത്തെ ആഘോഷചടങ്ങുകൾ. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ ഇത്തവണസ്വാതന്ത്ര്യസമര സേനാനികളും ഉണ്ടാവില്ല.റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നോടിയായി കോർപ്പറേഷൻ മേയർ എം കെ വർഗീസിന്റ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.കോവിഡ് പ്രോട്ടോകോൾ പാലിച്ച് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന് വേണ്ട മുന്നൊരുക്കങ്ങൾ യോഗം ആസൂത്രണം ചെയ്തു.
പോലീസ്, എക്സൈസ്, ഫയർഫോഴ്‌സ്,ഫോറസ്റ്റ്, മോട്ടോർ വെഹിക്കിൾ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ റിപബ്ലിക് ദിനാഘോഷത്തിൽ അണിനിരക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ സബ്കമ്മിറ്റി രൂപകരിച്ചിട്ടുണ്ട്. ആവശ്യത്തിന് ഗ്ലൗസ്, സാനിറ്റൈസർ, മാസ്ക് എന്നിവ കരുതാനും സീറ്റുകളുടെ അകലം ക്രമീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ പോലീസ് കമ്മീഷണർ ആർ വിശ്വനാഥൻ, ഡെപ്യൂട്ടി കലക്ടർ ഡോ എം സി റെജിൽ, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.