പുറത്തൂര്‍ പഞ്ചായത്തിലെ മുരുക്കുമ്മാട് തുരുത്ത് ഇനി ‘നവകേരള സ്മരണിക’ പച്ചത്തുരുത്തായി അറിയപ്പെടും
മലപ്പുറം: നവകേരള സ്മരണിക സംസ്ഥാനതല പദ്ധതികളുടെ ഉദ്ഘാടനം പുറത്തൂര്‍ പഞ്ചായത്തിലെ  മുരുക്കുമ്മാട് തുരുത്തിനെ ‘നവകേരള സ്മരണിക’ എന്ന പച്ചത്തുരുത്തായി പ്രഖ്യാപിച്ച്   ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീല്‍ നിര്‍വഹിച്ചു. പാരിസ്ഥിതികമായ പ്രത്യേകതകളും ജൈവ വൈവിധ്യവും നിറഞ്ഞ മനോഹരമായ മുരുക്കുമ്മാട് തുരുത്തിനെ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്തായി പ്രഖ്യാപിക്കുന്നത് എന്ത് കൊണ്ടും അനുയോജ്യമാണെന്നും മന്ത്രി പറഞ്ഞു.
ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ തുരുത്തിലെ വിവിധ പദ്ധതികള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പ്രകൃതിയോടു തത്പരരായ കുട്ടികള്‍ക്ക് സന്ദര്‍ശിക്കാനുള്ള ഇടമാക്കി ഈ പച്ചത്തുരുത്തിനെ മാറ്റണമെന്നും വരും തലമുറയ്ക്കും ഈ പച്ചപ്പ് കൈമാറണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സ്ഥലങ്ങളിലും പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് തടസങ്ങളില്ലെന്ന് മന്ത്രി പറഞ്ഞു.

പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ഒ. ശ്രീനിവാസന്‍ അധ്യക്ഷനായി.  ഹരിത കേരളം മിഷന്‍ സംസ്ഥാന കണ്‍സള്‍ട്ടന്റ് സഞ്ജീവ് എസ്.യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, വാര്‍ഡ് അംഗം ജിനീഷ് എന്നിവര്‍ സംസാരിച്ചു.