കാറളം മാവേലി സ്റ്റോർ ഇനി പഴയ മാവേലി സ്റ്റോറല്ല, സൂപ്പർ സ്റ്റോറാണ്. സംസ്ഥാനത്ത് സൂപ്പർ സ്റ്റോറായി ഉയർത്തപ്പെട്ട ഏഴ് മാവേലി സ്റ്റോറുകൾക്കൊപ്പം കാറളത്തെ പഴയ മാവേലി സ്റ്റോറുമുണ്ട്. സപ്ലൈകോ ചാലക്കുടി ഡിപ്പോയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കാറളം ഗ്രാമ പഞ്ചായത്തിലെ പഴയ മാവേലി സ്റ്റോറിനെയാണ് മെച്ചപ്പെട്ട സൗകര്യങ്ങളോടെ മാവേലി സൂപ്പർ സ്റ്റോറാക്കി ഉയർത്തിയത്. സംസ്ഥാനത്തെ ഏഴ് മാവേലി സ്റ്റോറുകളെയാണ് സൂപ്പർ സ്റ്റോറാക്കി ഉയർത്തിയത്. ഓൺലൈനായി നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം നിർവ്വഹിച്ചു.

വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുകയാണ് സൂപ്പർ സ്റ്റോറുകളുടെ ലക്ഷ്യം. ഉപഭോക്താവിന് ആവശ്യമായ ഉൽപ്പന്നങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യങ്ങളാണ് സൂപ്പർ സ്റ്റോറുകളിൽ ഒരുക്കിയിട്ടുള്ളത്. നവീകരണത്തിൻ്റെ ഭാഗമായി ഉൽപ്പന്നങ്ങൾ വയ്ക്കുന്നതിന് ആവശ്യമായ ഡിസ്പ്ലേ റാക്കുകളും സ്റ്റോറിലെ നിലങ്ങളിൽ ടൈലുകളും വിരിച്ചിട്ടുണ്ട്. ഒരു സപ്ലൈകോ ഡെപ്യൂട്ടേഷൻ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസവേതന തൊഴിലാളികളാണ് സ്റ്റോറിൽ ഉണ്ടാവുക.

ചാലക്കുടി ഡിപ്പോ ഉൾപ്പെടെ സംസ്ഥാനത്ത് ആറ്റിങ്ങൽ, മൂവാറ്റുപുഴ, ഹരിപ്പാട്, ആലത്തൂർ, പാലക്കാട്, പൊന്നാനി എന്നിവിടങ്ങളിലുമാണ് സൂപ്പർ സ്റ്റോറുകൾ തുറന്നത്. ഇതോടെ പൊതുവിതരണ മേഖലയുടെ എല്ലാ ആനുകൂല്യങ്ങളും കേരളം മുഴുവൻ ഉറപ്പു വരുത്താൻ സജ്ജമാവുകയാണ് സപ്ലൈകോ സൂപ്പർ സ്റ്റോറുകൾ.

ചടങ്ങിൽ പ്രൊഫ കെ യു അരുണൻ എം എൽ എ ദീപം തെളിയിച്ചു. കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി എസ് ശശികുമാർ ആദ്യ വിൽപ്പന നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോഹനൻ വലിയാട്ടിൽ, കാറളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ബിന്ദു പ്രദീപ് എന്നിവർ പങ്കെടുത്തു.