നെടുമങ്ങാട് റവന്യൂ ഡിവിഷൻ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു
ആവശ്യങ്ങൾ നേടിയെടുക്കാൻ സർക്കാർ ഓഫീസുകളിൽ കയറാൻ പോലും ധൈര്യം കാട്ടാത്ത പാവപ്പെട്ടവരോടും പരമദരിദ്രരോടും ഉദ്യോഗസ്ഥർ കൂടുതൽ കരുതൽ കാട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണതീരുമാനങ്ങൾ വേഗത്തിലെടുത്ത്, സമൂഹത്തിൽ പിന്നിൽ കഴിയുന്നവർക്ക് നിഷേധിക്കപ്പെട്ട നീതി സഫലമാക്കി കൊടുക്കുകയാണ് ഭരണസംവിധാനത്തിന്റെ ബാധ്യതയെന്നും നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ വൻ ജനാവലിയെ സാക്ഷിനിർത്തി പുതിയ നെടുമങ്ങാട് റവന്യൂ ഡിവിഷൻ നാടിനു സമർപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ഒരു വിഭാഗത്തിന് ആവശ്യം നേടിയെടുക്കാൻ ഇടപെടേണ്ട രീതിയറിയാം. അത്തരം കേന്ദ്രത്തിൽ ആവശ്യമുന്നയിച്ച് അവർ ആവശ്യം നേടിയെടുക്കും. എന്നാൽ സമൂഹത്തിന് പിന്നിൽ കഴിയുന്നവരുണ്ട്. അവർക്കാണ് തീരുമാനങ്ങൾ വേഗത്തിൽ ലഭ്യമാകേണ്ടത്. അവരുടെ ആവശ്യം നേടിയെടുക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ പോലും ആരുമുണ്ടാവില്ല എന്നറിഞ്ഞ് ആ തീരുമാനം വേഗത്തിലെടുത്ത് നടപ്പാക്കുകയാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. ഭരണതീരുമാനങ്ങൾ വേഗത്തിലെടുക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകുന്നു. ജനങ്ങൾക്കുവേണ്ടിയാണ് നാം നിലകൊള്ളുന്നതെന്ന ബോധ്യത്തോടെയാണ് പ്രശ്‌നങ്ങളെയും പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന ഫയലിനെയും സമീപിക്കേണ്ടത്. സർക്കാരിന്റെ എല്ലാ തീരുമാനവും നയവും സർവീസ് മേഖല മുഖേനയാണ് നടക്കുക. കാര്യക്ഷമവും പ്രതിബദ്ധതയുമുള്ള സിവിൽ സർവീസ് വേണം. കാര്യക്ഷമത സംതൃപ്തമായ സിവിൽ സർവീസിൽനിന്നേ പ്രതീക്ഷിക്കേണ്ടതുള്ളൂ. സർവീസ് മേഖല സംതൃപ്തികരമായിരിക്കണമെന്ന നയമാണ് സർക്കാരിനുള്ളത്. കാര്യക്ഷമമായ സിവിൽ സർവീസിനായി സംഘടനകൾ പിന്തുണ അറിയിച്ച് വലിയ സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശം നാടിനു നൽകിയിട്ടുണ്ട്.
 സർവീസ് മേഖലയിൽ മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും ലഭിക്കുന്ന ന്യായമായ ശമ്പളം കൊണ്ട് ജീവിച്ചുപോകുന്നവരാണ്. ചിലർ തെറ്റായ കാര്യങ്ങൾ ചെയ്യുന്നു. തെറ്റിന് വശംവദരായാൽ, അഴിമതി കാണിച്ചാൽ കർക്കശ നടപടിയുണ്ടാകും. പൊതുവേ നല്ല സംസ്‌ക്കാരം ജീവനക്കാർക്ക് ആർജ്ജിക്കാൻ കഴിയണം-മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു റവന്യൂ ഡിവിഷനില്ലാത്ത ഏഴു ജില്ലകളിൽ വയനാട് ഒഴിച്ച് എല്ലായിടത്തും പുതിയ റവന്യൂ ഡിവിഷൻ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കി വരുകയാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം സൃഷ്ടിക്കുന്നതിനാണ് പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയിൽ അഞ്ചുകോടി രൂപ ചെലവിൽ ടൂറിസം വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും വാമനപുരത്ത് കെ.റ്റി.ഡി.സി. റസ്‌റ്റൊറന്റും ചിൽഡ്രൻസ് പാർക്കും സ്ഥാപിക്കാൻ നിർദേശം നൽകിയതായും മുഖ്യപ്രഭാഷണം നടത്തിയ ടൂറിസം-സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സി. ദിവാകരൻ എം.എൽ.എ. സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എ.മാരായ ഡി.കെ. മുരളി, എസ്. ശബരീനാഥൻ, ഐ.ബി. സതീഷ്, നഗരസഭാധ്യക്ഷൻ ചെറ്റച്ചൽ സഹദേവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, നഗരസഭാംഗങ്ങളായ റ്റി. അർജുനൻ, പി. രാജീവ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജി.ആർ. അനിൽ, കൊട്ടാരക്കര പൊന്നച്ചൻ,  അഡ്വ. ഫിറോസ് ലാൽ, സുഭാഷ് ചന്ദ്രൻ, തോന്നയ്ക്കൽ ജമാൽ, സബ് കളക്ടർ കെ. ഇമ്പശേഖർ, എ.ഡി.എം. ജോൺ വി. സാമുവൽ, ആർ.ഡി.ഒ. ആർ.എസ്. ബൈജു എന്നിവർ പ്രസംഗിച്ചു. നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ 59 വില്ലേജുകൾ ഉൾപ്പെടുത്തിയാണ് നെടുമങ്ങാട് റവന്യൂ ഡിവിഷൻ രൂപീകരിച്ചത്.