Kerala’s Top 50 Policies and Projects-26

കോവിഡ് മൂലമുള്ള ലോക്ഡൗൺ ആരംഭിച്ച ആദ്യ നാളുകളിൽ നമ്മുടെ ഏറ്റവും വലിയ ആശങ്ക ഭക്ഷ്യസുരക്ഷയായിരുന്നു. മാസങ്ങളോളം നീണ്ടു നിൽക്കുന്ന ലോക്ക്ഡൗണും തുടർന്നുള്ള സാമ്പത്തിക സാമൂഹ്യ രംഗത്തെ പ്രശ്‌നങ്ങളുമൊക്കെ നേരിട്ടുകൊണ്ട് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നത് സർക്കാരിന്റെ വലിയ ഉത്തരവാദിത്വം ആയിരുന്നു. ലോക് ഡൗണിന്റെ നിശ്ചലാവസ്ഥ സൃഷ്ടിച്ച ഗുരുതര സാഹചര്യം മറികടന്ന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതി കാർഷിക ഉത്പാദന രംഗത്ത് മികച്ച മാതൃകയിലേക്കാണ് ഉയർന്നത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ കാർഷിക ഉൽപ്പാദനത്തിന് ശ്രദ്ധ കൊടുക്കുന്ന നയം നടപ്പിലാക്കിയതോടെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് കേരളീയരുടെ മനസ്സിലുണ്ടായിരുന്ന ആശങ്ക പൂർണ്ണമായും അകറ്റി ആത്മവിശ്വാസം നിറയ്ക്കാനായി എന്ന് നിസ്സംശയം പറയാൻ സാധിക്കും.

കാർഷിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ കാർഷിക വിപ്ലവത്തിന് തുടക്കമിട്ടത്. 19,555 ഹെക്ടർ തരിശുനിലം കൃഷിയോഗ്യമാക്കാൻ പദ്ധതിയിലൂടെ സാധിച്ചു. 14000 പുതിയ സംയോജിത കൃഷി യൂണിറ്റുകൾ വികസിപ്പിക്കാനും അതിലൂടെ 10000ൽ അധികം പേർക്ക് തൊഴിൽ ഉറപ്പു വരുത്തുവാനും സാധിച്ചു എന്നതും സുഭിക്ഷ കേരളത്തിന്റെ നേട്ടമാണ്.

പെട്ടെന്നുള്ള ഉല്പാദനം കൂട്ടലും തരിശുനിലം കൃഷിയോഗ്യമാക്കലും ഭക്ഷ്യസുരക്ഷ താൽക്കാലികമായി ഉറപ്പാക്കലും മാത്രമല്ല സുഭിക്ഷ കേരളത്തിന്റെ ലക്ഷ്യം. ദീർഘകാലത്തേക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കാർഷികസംസ്‌കാരം വീണ്ടെടുക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കർഷകർക്കും കാർഷിക രംഗത്തേക്ക് പുതുതായി എത്തുന്ന യുവജനങ്ങൾക്കും പ്രവാസികൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശവും സാങ്കേതിക സഹായവും നൽകാനായി ബ്ലോക്ക് തലത്തിൽ ബ്ലോക്ക് ലെവൽ നോളജ് സെന്റർ സുഭിക്ഷ കേരളത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

ഗ്രാമങ്ങളിൽ ആഴ്ച ചന്തകൾ ആരംഭിച്ചുകൊണ്ട് വിപണനം ശക്തിപ്പെടുത്താനും കർഷക മിത്ര സേനയിലൂടെ വിപണനത്തെ പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. നിർണായകഘട്ടത്തിലെ സുദൃഢമായ ഇടപെടലിലൂടെ പ്രതിസന്ധിയെ അതിജീവിക്കാൻ നമുക്ക് സാധിച്ചു. അതിലുപരിയായി കാർഷികരംഗത്തെ സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ വലിയൊരു മാറ്റത്തിലേക്കുള്ള പുതിയപാത തുറക്കാനും നമുക്ക് സാധിച്ചു എന്നത് അഭിമാനകരമാണ്.

#keralastop50policiesandprojects
#keralaleads