ആലപ്പുഴ: വിവാദങ്ങൾക്ക് പുറകെ പോകാതെ കേരളത്തിന്റെ സമസ്ത മേഖലയിലെയും വികസന മുന്നേറ്റത്തിനാണ് സംസ്ഥാന സർക്കാർ മുൻ‌തൂക്കം നൽകുന്നതെന്ന്പൊതുമരാമത്ത്‌ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ .വികസനത്തിൽ ഒരു തരത്തിലും രാഷ്ട്രീയം കാണുന്ന പ്രവണത ഈ സർക്കാരിനില്ല. പൊതുമരാമത്തു വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തു നടക്കുന്നത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണെന്നും കായംകുളം നിയോജക മണ്ഡലത്തിലെ മുട്ടേൽ പാലം നാടിനു സമർപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

മികവാർന്ന നിർമ്മാണ പ്രവർത്തനങ്ങൾ വഴി വകുപ്പിന്റെ മുഖമുദ്ര മികച്ചതാക്കി മാറ്റാൻ ഈ സർക്കാരിന്റെ കാലഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടി നൂതന രീതിയിലാണ് പൊതുമരാമത്തു വകുപ്പ് ഇന്ന് റോഡുകളും പാലങ്ങളും രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ പാലങ്ങൾ അനുവദിച്ച ജില്ലയാണ് ആലപ്പുഴയെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഡ്വ. യു പ്രതിഭ എം. എൽ. എ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി ചടങ്ങിൽ മുഖ്യാതിഥിയായി.

ദേവികുളങ്ങര പഞ്ചായത്തിനെയും കൃഷ്ണപുരം പഞ്ചായത്തിലെ ചില പ്രദേശങ്ങളെയും കായംകുളം പട്ടണവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് മുട്ടേൽ പാലം. കാലങ്ങളായി ജീർണ്ണാവസ്ഥയിലായിരുന്ന പാലം യു. പ്രതിഭ എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ മുൻകൈയ്യെടുത്താണ് നിർമ്മാണത്തിനായി 7.55 കോടി രൂപ അനുവദിച്ചത്.പ്രീ സ്ട്രെസ്സ്ട് ബോ സ്ട്രിംഗ് ആർച്ച് ബ്രിഡ്ജ് എന്ന നവീന രീതിയിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്.ഈ മാതൃകയിൽ പൊതുമരാമത്ത് രൂപകല്പന ചെയ്ത് നിർമ്മാണം പൂർത്തീകരിക്കുന്ന ആദ്യത്തെ പാലമാണ് മുട്ടേൽ പാലം. ഒരു സ്പാനോടു കൂടിയ ഈ പാലത്തിൻ്റെ നീളം 32 മീറ്ററും, വീതി 15 മീറ്ററുമാണ്. 1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതകളും നിർമ്മിച്ചിട്ടുണ്ട്. പാലത്തിൻ്റെ ബോ സ്ട്രിങ്ങ് ആർച്ചുകളിൽ ഉപയോഗിച്ചിരിക്കുന്ന മക് അലോയി ബാർ യു.കെയിൽ നിന്നുമാണ് ഇറക്കുമതി ചെയ്തത്.

കപ്പൽമാർഗ്ഗം ചെന്നൈ തുറമുഖത്ത് എത്തിയ സാമഗ്രികൾ ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങി കിടക്കുകയായിരുന്നു. ലോക്ക് ഡൗണിനു ശേഷം സാമഗ്രികൾ റോഡുമാർഗ്ഗം സൈറ്റിൽ എത്തിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. നഗരസഭ ചെയർപേഴ്സൺ പി.ശശികല, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് പവനനാഥൻ, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനിയർ എസ്. മനോമോഹൻ, സൂപ്രണ്ടിംഗ് എൻജിനിയർ മഞ്ജുഷ പി ആർ, നഗരസഭ കൗൺസിലർമാരായ കെ. പുഷ്പദാസ്, എസ്.ലേഖ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ ഡോ.സിനി എ എന്നിവർ പങ്കെടുത്തു.