തൃശ്ശൂർ: കണ്ണെത്താ ദൂരത്തോളം വെള്ളം നിറഞ്ഞു കിടക്കുന്ന വെസ്റ്റ് മങ്ങാട് ആനക്കുണ്ട് ബണ്ട് സംരക്ഷണത്തിന് ബജറ്റില്‍ 2 കോടി അനുവദിച്ചതോടെ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം. 70 ഏക്കറോളം സ്ഥലത്ത് വെള്ളം നിറഞ്ഞു നില്‍ക്കുന്ന ആനക്കുണ്ട് കുന്നംകുളം മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസാണ്. ഇതിനാല്‍ കര്‍ഷക ക്ഷേമത്തിനും വിനോദ സഞ്ചാര സാധ്യതയ്ക്കുമാണ് ഇതിലൂടെ വഴിതെളിയുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ബജറ്റിൽ ആനക്കുണ്ട് ബണ്ട് നവീകരണത്തിനായി തുക അനുദിച്ചത്.പുല്ലാണിച്ചാല്‍, നമ്പര കോള്‍പടവ്, മങ്ങാട് കോട്ടിയാട്ടുമുക്ക് കോള്‍പടവ് എന്നിവിടങ്ങളിലെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് പുഞ്ചകൃഷിക്ക് വെള്ളം ലഭിച്ചിരുന്ന ആനക്കുണ്ട് 40 വര്‍ഷത്തിന് ശേഷം കഴിഞ്ഞ വേനലില്‍ വറ്റിയിരുന്നു. ഇതോടെ ഈ ഭാഗങ്ങളിലെ നെല്‍കൃഷി ഉണങ്ങി നശിക്കുകയും ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു.
ആനക്കുണ്ടില്‍ അടിഞ്ഞു കൂടിയ ചെളിയും മണ്ണും മാറ്റി ആഴം കൂട്ടണമെന്ന കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യവും ഇനി യാഥാര്‍ത്ഥ്യമാകും. ആനക്കുണ്ട് ആഴം കൂടുന്നതോടെ മേഖലയിലെ കര്‍ഷകര്‍ക്ക് ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ കഴിയും. പാടശേഖരത്തെ വെള്ളം വറ്റിക്കാനായി ഇപ്പോള്‍ കര്‍ഷകര്‍ പമ്പ് ചെയ്യുന്ന വെള്ളം ആനക്കുണ്ട് നിറഞ്ഞ് തോട്ടിലൂടെ പാഴായി പോകുകയാണ്. ഈ വെള്ളം ആനക്കുണ്ടില്‍ സംഭരിക്കാനായാല്‍ കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുകയും ചെയ്യും. നൂറാടിതോട്ടില്‍ നിന്ന് ആനക്കുണ്ടിലേക്കുള്ള ഇടതോട് പാഴ്‌ചെടികള്‍ നിറഞ്ഞ് കാടുപിടിച്ച നിലയിലാണ്. ആനക്കുണ്ടിന്റെ വരമ്പുകള്‍ ബലപ്പെടുത്തുകയും വീതി കൂട്ടുകയും ചെയ്താല്‍ ചെറിയ ബോട്ട് സര്‍വീസ് ഉള്‍പ്പെടെയുള്ള ടൂറിസം പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയും. ഇതിലൂടെ പ്രകൃതി രമണീയമായ ഈ സ്ഥലം പ്രശസ്തിയിലേക്കുയരും.