തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതിക്ക് കീഴില്‍ പ്രാദേശിക തലത്തില്‍ നിയമിക്കുന്ന ഗൈഡുമാരുടെ വിപുലമായ പരിശീലന പരിപാടി ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയുടെ ഭാഗമായുള്ള ആദ്യഘട്ടം കോട്ടപ്പുറം വാട്ടര്‍ ഫ്രണ്ടില്‍ നിന്നും പഠന ബോട്ട് യാത്രയിലൂടെ ആരംഭിച്ചു. ടൂറിസം, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ പൈതൃക മേഖലയിലെ പ്രമുഖര്‍ നേതൃത്വം കൊടുക്കുന്ന പരിശീലന പരിപാടി ജനുവരി 22ന് അവസാനിക്കും. മുസിരിസ് പൈതൃക പദ്ധതി മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍ പഠന യാത്ര ഉദ്ഘാടനം ചെയ്തു.
പ്രാദേശിക ഗൈഡുമാരായി തിരഞ്ഞെടുത്തിട്ടുള്ള എഴുപതോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പറവൂരിലും, കൊടുങ്ങല്ലൂരിലുമായി പദ്ധതിക്ക് കീഴിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മറ്റ് അനുബന്ധ പദ്ധതി പ്രദേശങ്ങളും മുസിരിസ് ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ട് സര്‍വീസിലൂടെ സഞ്ചരിച്ചു പരിചയപ്പെടുത്തലാണ് ലക്ഷ്യമെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് അറിയിച്ചു. മ്യൂസിയം മാനേജര്‍മാരായ കെ ബി നിമ്മി, സജ്ന വസന്തരാജ്, മ്യൂസിയം ഗൈഡുമാരായ അജിത ഉണ്ണികൃഷ്ണന്‍, റസീന ബിബി എന്നിവര്‍ പഠന യാത്രക്ക് നേതൃത്വം കൊടുത്തു.