തൃശ്ശൂർ: ഒല്ലൂര്‍ മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക പുരോഗതിക്കായി നടത്തുന്ന കുംഭ വിത്ത് മേള ഫെബ്രുവരി 20,21 തിയതികളില്‍ നടക്കും. മേള നടത്തിപ്പുമായി ബന്ധപ്പെട്ട്
സംഘാടക സമിതി രൂപീകരിച്ചു. ചീഫ് വിപ്പ് കെ രാജന്‍ സംഘാടന സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ആര്‍ രവി അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് മുഖ്യാതിഥിയായി. ഒല്ലൂക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ പഴയ കെട്ടിട ഗ്രൗണ്ടിലാണ് മേള സംഘടിപ്പിക്കുന്നത്. സംഘാടക സമിതി രക്ഷാധികാരികളായി കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍, ടി എന്‍ പ്രതാപന്‍ എം പി, കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് എന്നിവരെയും ചെയര്‍മാനായി ചീഫ് വിപ്പ് കെ രാജനെയും തിരഞ്ഞെടുത്തു. കോര്‍ഡിനേറ്ററായി കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വിഭാഗം മേധാവി ഡോ ജിജു പി അലക്‌സിനെയും ജനറല്‍ കണ്‍വീനറായി ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സത്യ വര്‍മ്മയേയും തിരഞ്ഞെടുത്തു.

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തില്‍ കുംഭമാസം, കിഴങ്ങ് വര്‍ഗ്ഗ വിളകളുടെ നടീലും വിത്ത് സംഭരണവും നടത്തുന്ന കാലമാണ്. ഇപ്പോഴത്തെ രോഗകാല സാഹചര്യത്തില്‍, ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കിഴങ്ങ് വര്‍ഗ്ഗ വിളകള്‍ വളരെ പ്രധാനമാണ്. കേരളത്തിന്റെ തനതായ പല കിഴങ്ങ് വിളകളും ഇപ്പോള്‍ അന്യം നിന്ന് പോകുന്ന അവസ്ഥയുണ്ട്. കിഴങ്ങ് വര്‍ഗ്ഗ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത കിഴങ്ങ് വിളകള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കുംഭവിത്ത് മേള നടത്തുന്നത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രന്‍, നടത്തറ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ്, ഒല്ലൂക്കര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.വി ജോണി, മാടക്കത്തറ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാവിത്രി രാമചന്ദ്രന്‍, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.