തൃശ്ശൂർ: ‘റേഷൻ കട നമ്പർ 35’. പേര് കേൾക്കുമ്പോൾ ഒരു സാധാരണ റേഷൻ കട പോലെ തോന്നുമെങ്കിലും സംഗതി അങ്ങനെയല്ല.. ഈ റേഷൻ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഈ കട ഉപഭോക്താക്കളെ തേടി ഉരുളും. കാട് കേറും. മഞ്ഞും മഴയും വകവെക്കില്ല.. ഇവർ തേടുന്ന ഗുണഭോക്താക്കളും സാധാരണക്കാരല്ല.. ചാലക്കുടി ഊരിലെ ആദിവാസികളാണ് ഈ സഞ്ചരിക്കുന്ന റേഷൻകടയുടെ ഗുണഭോക്താക്കൾ. മാസത്തിൽ രണ്ട് തവണ ഊര് നിവാസികൾക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി ‘സഞ്ചരിക്കുന്ന റേഷൻ കട’ ചാലക്കുടിയിലെത്തും.
അതിരപ്പിള്ളി പഞ്ചായത്തിലെ പുളിയിലപ്പാറ(പെരിങ്ങൽക്കുത്ത്)യിലാണ് 35-ാം നമ്പർ റേഷൻ കട സ്ഥിതി ചെയ്യുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളതും ഇവിടെയാണ്. ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടയെത്തുന്നതോടെ എല്ലാ കുടുംബങ്ങളും റേഷൻകാർഡുമായി വന്ന് സാധനങ്ങൾ വാങ്ങും. കാർഡൊന്നിന് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും ഒരുകിലോ പഞ്ചസാരയുമടക്കം മാസം 36 കിലോ ഭക്ഷ്യധാന്യം ലഭിക്കും. സാധനം വാങ്ങാനുള്ള വലിയ തുണിസഞ്ചിയടക്കം പൊതുവിതരണ വകുപ്പ് നൽകിയിട്ടുണ്ട്.
35-ാം നമ്പർ റേഷൻ കട വഴി ആദിവാസി കോളനികളിലെ 300 കുടുംബങ്ങള്‍ക്കാണ് റേഷൻ വിതരണം ചെയ്യുന്നത്. അർഹതപ്പെട്ട റേഷൻ വിഹിതം ആദിവാസികളുടെ കൈകളിൽ എത്തുന്നില്ലെന്ന കണ്ടെത്തലിൽനിന്നാണ് റേഷൻ കട സഞ്ചരിച്ചുതുടങ്ങിയത്. ഒല്ലൂർ എംഎൽഎയും ചീഫ് വിപ്പുമായ അഡ്വ കെ രാജനാണ് പദ്ധതിയ്ക്ക് മുൻകൈയെടുത്തത്. സംസ്ഥാനത്തെ ആദ്യത്തെ സഞ്ചരിക്കുന്ന റേഷന്‍ കട ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി വനാന്തര മേഖലയിലെ മൂന്ന് ഊരുകളിലാണ് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് 2018 മാർച്ച് 29ന് ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി വാഴച്ചാല്‍ വനമേഖലയില്‍ സംസ്ഥാനത്തെയും ജില്ലയിലെ രണ്ടാമത്തെയും സഞ്ചരിക്കുന്ന റേഷന്‍കട ആരംഭിച്ചു.
ആദ്യകാലങ്ങളിൽ റേഷൻ വാങ്ങാൻ കിലോമീറ്ററുകൾ താണ്ടിയാണ് ആദിവാസികൾ എത്തിയിരുന്നത്. സഞ്ചരിക്കുന്ന റേഷൻകടയിലൂടെ കൂടുതൽ ദൂരത്തിൽ സ്ഥിതി ചെയ്യുന്നതും ഗതാഗത യോഗ്യമല്ലാത്തതുമായ 9 ഊരുകളിലാണ് റേഷൻ സാധനങ്ങൾ നേരിട്ട് എത്തിക്കുന്നത്. ഷോളയാർ ഗിരിജൻ കോളനി, ആനക്കയം കോളനി തവളക്കുഴിപ്പാറ മലയൻ കോളനി, വാഴച്ചാൽ കോളനി, വാച്ച്മരം ഗിരിജൻ കോളനി, വാച്ച് മരം മലയൻ കോളനി, മൂക്കുംപുഴ ഗിരിജൻ കോളനി, പൊകലപ്പാറ ഗിരിജൻ കോളനി, പെരിങ്ങൽകുത്ത് കോളനി. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വനംവകുപ്പിന്റെയും താലൂക്ക് സപ്ലൈ ഓഫീസിന്റെയും വാഹനത്തില്‍ മാസത്തില്‍ രണ്ട് ദിവസമാണ് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നത്. വിതരണം ചെയ്യുന്ന തീയതി പ്രൊമോട്ടർമാർ മുഖേന ആദിവാസികളെ നേരത്തെ അറിയിക്കും.
പലപ്പോഴും വളരെ സാഹസികമായാണ് ഉദ്യോഗസ്ഥർ റേഷൻ സാധനങ്ങൾ ഊരുകളിൽ എത്തിക്കുന്നത്. വന്യമൃഗങ്ങളും മഴയും പ്രതികൂല സാഹചര്യം സൃഷ്ടിക്കും. എന്നിരുന്നാലും വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പഞ്ചസാര, മണ്ണെണ്ണ എന്നിവയും വാഹനത്തിൽ കയറ്റി നേരിട്ട് ഊരുകളിൽ എത്തിച്ച് വിതരണം നടത്തുന്നു. ആദിവാസി ഊരുകളിൽ 300 കാർഡുകൾ ഉണ്ടെങ്കിലും പലപ്പോഴും 200 കാർഡുകൾ മാത്രമാണ് വിതരണം നടത്താൻ സാധിക്കുക. മുൻകൂട്ടി അറിയിച്ചാലും കാടുകളിൽ വിഭവ ശേഖരണത്തിന് മറ്റും പോകുമ്പോൾ ഈ സമയത്ത് എത്താൻ സാധിക്കാത്തത് തന്നെ കാരണം.