തൃശ്ശൂർ: മന്ത്രി തോമസ് ഐസക്ക് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച മാലിന്യസംസ്‌കരണത്തിന്റെ ‘ഗുരുവായൂര്‍ മാതൃക’യുടെ വിജയഗാഥ ഇന്ന് സംസ്ഥാനമൊട്ടാകെ പ്രശസ്തമാണ്. ഗുരുവായൂര്‍ നേരിട്ട വെല്ലുവിളികളില്‍ ഏറ്റവും മുന്‍പില്‍ നിന്നിരുന്ന മാലിന്യസംസ്‌കരണ പ്രശ്‌നങ്ങള്‍ പിന്നീട് ആ നാടിന്റെ തന്നെ മുഖമുദ്രയായി മാറിയതിങ്ങനെ. ഓരോ വര്‍ഷവും തീര്‍ത്ഥാടനത്തിനും വിവാഹങ്ങള്‍ക്കും മറ്റുമായി ഗുരുവായൂരിലേക്ക് വന്നെത്തുന്ന ലക്ഷക്കണക്കിന് ആളുകള്‍.

തദ്ദേശവാസികളുടെ ജനസംഖ്യയേക്കാള്‍ 500 ഇരട്ടി അതിഥികളാണ് ഗുരുവായൂരില്‍ എത്തിയിരുന്നത് എന്നത് കൊണ്ടുതന്നെ സാധാരണ രീതിയിലുള്ള മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഫലവത്തായില്ല. ടൗണ്‍ഷിപ്പ് നിലവില്‍ വന്ന കാലത്തും നഗരവികസനം നടന്നപ്പോഴും ക്ഷേത്രത്തിലെയും പരിസരത്തെയും മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നത് നഗരസഭയിലെ ചൂല്‍പ്പുറം എന്ന പ്രദേശത്തെ ശ്മശാനത്തിലാണ്. ട്രഞ്ചുകള്‍ മാലിന്യക്കൂമ്പാരങ്ങള്‍ ആയതോടെ ചുറ്റും കോട്ട മതിലുകള്‍ ഉയര്‍ന്നു. അതോടെ ഈ പ്രദേശം ശവക്കോട്ട എന്നറിയപ്പെടാന്‍ തുടങ്ങി. മാലിന്യ സംസ്‌കരണം ഗുരുവായൂര്‍ നഗരസഭയ്ക്ക് മുന്‍പിലെ പ്രധാന വെല്ലുവിളികളില്‍ ഒന്നായി മാറിയത് ട്രഞ്ചിങ് ഗ്രൗണ്ടിന് ചുറ്റും കച്ചവടസ്ഥാപനങ്ങളും വീടുകളും വന്നതോടെയാണ്.

എന്നാലിന്ന് ഗുരുവായൂരിന്റെ സമയവും ശരിയായി. ‘ചൂല്‍പ്പുറം ബയോപാര്‍ക്ക്’ മൂലം മാലിന്യസംസ്‌കരണത്തില്‍ ഗുരുവായൂര്‍ സംസ്ഥാനത്തിന് മാതൃകയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗവേഷണ സ്ഥാപനമായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിന്റെ സഹായത്തോടെ 2017 സെപ്റ്റംബര്‍ 9 നാണ് ട്രഞ്ചിങ് ഗ്രൗണ്ടില്‍ ജൈവവള യൂണിറ്റ് ആരംഭിക്കുന്നത്. ഒരു കോടി 8 ലക്ഷം രൂപ ചെലവില്‍ മൂന്ന് ഘട്ടങ്ങളിലായി 11,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെയും പരിസരത്തുള്ള കല്യാണമണ്ഡപങ്ങളിലെയും ഹോട്ടലുകളിലെയും ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയടക്കം പ്രതിദിനം 3 മുതല്‍ 5 ടണ്‍ വരെ മാലിന്യങ്ങള്‍ ഇവിടെ സംസ്‌കരിക്കാന്‍ കഴിയും.

ചൈതന്യ, സുദര്‍ശന, ശ്രീപത്മം എന്നീ മൂന്ന് സംഘങ്ങളിലായി 19 കുടുംബശ്രീ പ്രവര്‍ത്തകരാണ് മാലിന്യ ശേഖരണത്തിന് ചുമതല വഹിക്കുന്നത്. ജൈവ – അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചാണ് മാലിന്യ സംസ്‌കരണം. ജൈവമാലിന്യങ്ങള്‍ ചകിരിച്ചോറും ഇനോക്കുലവും ചേര്‍ത്ത് വിന്‍ഡ്രോകളായി മാറ്റുന്നു. വാഴയിലകളുടെ സംസ്‌കരണത്തിന് പുതിയ ചോപ്പര്‍ നിര്‍മിച്ചു. 30 ദിവസത്തെ സംസ്‌കരണത്തിന് ശേഷം സൂക്ഷ്മാണുവളങ്ങള്‍ കൂടി ചേര്‍ത്ത് സമ്പുഷ്ടമായ ജൈവവളമായാണ് ഇവ വിപണിയിലെത്തുന്നത്.

നഗരത്തിലെ ഗാര്‍ഹികമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റ്, ബയോഡൈജസ്റ്റർ പോട്ട്, പൈപ്പ് കമ്പോസ്റ്റ് തുടങ്ങിയവ വീടുകളിലും ഫ്‌ലാറ്റുകളിലും വിതരണം ചെയ്തു. പൊതു ഇടങ്ങള്‍ വൃത്തിയാക്കി നഗരങ്ങളില്‍ മൂന്നിടത്തായി സ്ഥാപിച്ചിട്ടുള്ള ഏറോബിക് ബിന്നുകളില്‍ നിക്ഷേപിക്കും. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതും വേര്‍തിരിക്കുന്നതും 41 കുടുംബശ്രീ പ്രവര്‍ത്തകര്‍ അടങ്ങുന്ന ഹരിതകര്‍മസേനയാണ്. സംസ്‌കരണത്തിനായി 500, 1250 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 2 മിനി എം സി എഫുകളും, 500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു മിനി ആര്‍ ആര്‍ എഫും, 1600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്ലാസ്റ്റിക് ഷ്രെഡിംഗ് ആൻ്റ് ബെയിലിംഗ് യൂണിറ്റും സജ്ജമാണ്. ഇതിനായി 40 ലക്ഷം ചിലവില്‍ കെട്ടിടങ്ങളും ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ 17,10,630 രൂപയുടെ യന്ത്രങ്ങളും നഗരസഭ വാങ്ങി നല്‍കി.

കാര്‍ഷികോല്‍പാദന വര്‍ദ്ധനവിന് 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മഴമറ, പോളിഹൗസ് എന്നിവയടങ്ങുന്ന അഗ്രോ നഴ്‌സറി നിര്‍മിച്ചു. ഇവയ്ക്കുപുറമേ കുടുംബശ്രീ പ്രവര്‍ത്തകരുടെ ‘ഉജ്ജ്വല’ എന്ന സംഘവും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന് ഊന്നല്‍ നല്‍കിവരുന്നു. കല്യാണമണ്ഡപങ്ങളിലും മറ്റ് ചടങ്ങുകള്‍ നടക്കുനിടത്തും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ വാടകയ്ക്ക് നല്‍കി അവിടുത്തെ മാലിന്യശേഖരണം ഉറപ്പുവരുത്തുന്നത് ഇവരാണ്. ഇത്തരത്തില്‍ 76 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഗുരുവായൂരില്‍ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ സ്വയംതൊഴില്‍ ലഭിച്ചത്. ആധുനിക ക്രിമിറ്റോറിയവും വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിക്കുന്ന ഉദ്യാനവും കൂടിയാകുമ്പോള്‍ സംസ്ഥാനപാതയിലെ നയന മനോഹരമായ കാഴ്ചകളിലൊന്നായി ഗുരുവായൂര്‍ നഗരസഭയുടെ ബയോപാര്‍ക്ക് മാറുന്നു.