തൃശ്ശൂർ: ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ജില്ലാകലക്ടറേറ്റ് സമുച്ചയത്തില്‍ ഏറെ കാത്തിരിപ്പിനൊടുവില്‍ ലിഫ്റ്റ് ഒരുങ്ങുന്നു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 65 ലക്ഷം രൂപ ചെലവഴിച്ചാണ് ലിഫ്റ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 13 പേര്‍ക്ക് കയറാവുന്ന 1000 കിലോഗ്രാം വരെ ഭാരം താങ്ങുന്ന ലിഫ്റ്റിന്റെ നിര്‍മ്മാണം ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.

ലിഫ്റ്റ് ഇല്ലാത്തതു മൂലം ഭിന്നശേഷിക്കാരും ഗര്‍ഭിണികളും മറ്റ് ശാരീരിക അവശതകളമുള്ളവര്‍ നേരിടുന്ന പ്രയാസം ജില്ലാ കലക്ടര്‍ മന്ത്രി സുനില്‍കുമാറിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണച്ചുമതല. നിലവില്‍ ഗ്രൗണ്ട് ഫ്‌ളോര്‍ അടക്കം കലക്ടറേറ്റിന് മൂന്ന് നിലകളാണുള്ളത്. ഒന്നാം നിലയിലാണ് കലക്ടറുടെ ചേംബര്‍. നിരവധി പേരെത്തുന്ന പഞ്ചായത്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തുടങ്ങിയവ വകുപ്പുകള്‍ രണ്ടും മൂന്നും നിലയിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു നിലകളിലുമായി120 പടികളുണ്ട്.