എറണാകുളം: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആൻ്റ് ടെക്നോളജി – കൊച്ചി നടത്തിയ മെഷ്യൻ ഓപ്പറേറ്റർ കോഴ്സ് വിജയിച്ച 40 പേർക്ക് ദുബായിൽ തൊഴിലവസരം. എൻഎസ്എഫ്ഡിസി സ്പോൺസർ ചെയ്തവർക്കാണ് അവസരം ലഭിച്ചത്.

ദുബായ് ഹോട്ട്പാക്ക് പാക്കേജിങ്ങ് എൽഎൽസിയിൽ തൊഴിൽ ലഭിച്ചവർക്ക് കളക്ടർ എസ്.സുഹാസ് ഓഫർ ലെറ്ററും വിസയും കൈമാറി. സിപെറ്റ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ബി ശ്രീനിവാസുലു, പ്ലേസ്മെന്റ് ഓഫീസർ മോനിഷ മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്ര സർക്കാർ സ്ഥാപനമായ സിപെറ്റ് യുവാക്കളുടെ തൊഴിൽ അവരങ്ങൾ വളർത്താൻ സഹായകമായ നിരവധി സൗജന്യ കോഴ്സുകൾ നടത്തി വരുന്നുണ്ട്. മൂന്ന് മാസം മുതൽ ആറു മാസം വരെയുള്ള സ്കിൽ ഡെവലപ്മെന്റ് കോഴ്സുകളും 3 വർഷത്തെ ഡിപ്ലോമ കോഴ്സുകളും 2 വർഷത്തെ എം.എസ്.സി പ്രോഗ്രാമുകളും സിപെറ്റ് നടത്തിവരുന്നു. പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട ടെസ്റ്റിംഗും പ്രോസസ്സിങ്ങും പ്രോഡക്റ്റ് ഡെവലപ്മെന്റും മറ്റു സേവനങ്ങളും സിപെറ്റ് നൽകുന്നുണ്ട്.