സംസ്ഥാന വ്യാപകമായി നടക്കുന്ന മലമ്പനി നിവാരണ യജ്ഞത്തോടനുബന്ധിച്ച് ജില്ലാതല പ്രഖ്യാപനവും ശില്പശാലയും നടത്തി. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പ്രഖ്യാപനം പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായർ നിർവഹിച്ചു. കാസർകോട് ആർഡിഒ അബ്ദുൾ സമദ് അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ വി.വി സുനിത, പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.എ ബിന്ദു, പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ടി.ബിന്ദു, ചെങ്കള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഹാജിറ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ്.വി അരുൺകുമാർ, സയന എന്നിവർ പങ്കെടുത്തു. ജില്ലാ മലേറിയ ഓഫീസർ സുരേശൻ സ്വാഗതവും ടെക്‌നിക്കൽ അസിസ്റ്റന്റ് അബ്ദുൾ ഖാദർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ശില്പശാലയിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ.ഇ.മോഹനൻ, ഡോ.കുഞ്ഞിരാമൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്ത് 2022-നകം മലമ്പനി ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാന സർക്കാർ മലമ്പനി നിവാരണ യജ്ഞത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മലമ്പനി റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ഒന്നാണ് കാസർകോട്. തദ്ദേശീയമായി മലമ്പനി ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യം. നാലു വർഷത്തിനിടെ തദ്ദേശീയമായി മലമ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഇതരസംസ്ഥാന തൊഴിലാളികളിലും സംസ്ഥാനത്തു പുറത്തുപോയി ജോലി ചെയ്യുന്നവരിലുമാണ് രോഗം അടുത്തിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി ഡിഎംഒ ഇ.മോഹനൻ പറഞ്ഞു.
