എറണാകുളം: പെരുമ്പാവൂർ കൂവപ്പടി ഗ്രാമ പഞ്ചായത്തിൽ പുഞ്ചക്കുഴി തോടിന് കുറുകെ പുന്നലം ഭാഗത്ത് തടയണ നിർമ്മാണം തുടങ്ങി. നിർമ്മാണ പുരോഗതി അഡ്വ.എൽദോസ് കുന്നപ്പിള്ളി എം എൽ എ വിലയിരുത്തി. ഈ പ്രദേശത്തെ പാടശേഖരങ്ങളിൽ നെൽകൃഷി വ്യാപിപ്പിക്കാനും ജലവിതാനമുയർത്തി വരൾച്ചയെ തടുക്കാനും തടയണയ്ക്ക് കഴിയും. മൈനർ ഇറിഗേഷൻ വകുപ്പ് മുഖേന സമർപ്പിച്ച പദ്ധതിയ്ക്ക് 25 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പ് അനുവദിച്ചിരുന്നു. ഏഴര മീറ്റർ വീതിയിൽ പതിനൊന്നരമീറ്റർ നീളത്തിൽ 1.8 മീറ്റർ ഉയരത്തിലാണ് തടയണ പണിയുക. കൂടാതെ മുകൾഭാഗത്ത് രണ്ട് മീറ്റർ വീതിയിൽ ടില്ലർ പോകാൻ കഴിയുന്ന തരത്തിൽ ടില്ലർ പാസ്സേജും പണിയും. വശങ്ങളിലായി 68 മീ നീളത്തിൽ കരിങ്കൽ കെട്ടും ടില്ലർ പാടശേഖരത്തിലേയ്ക്ക് ഇറക്കാൻ റാമ്പും പണിയും.

പ്രദേശത്തെ കർഷകരുടെ വർഷങ്ങളായുള്ള പ്രധാന ആവശ്യമായിരുന്നു തടയണ . നൂറ്റിപത്ത് ഏക്കറോളം വിസ്തൃതമായി കിടക്കുന്ന പാടശേഖരത്തിന് ഗുണകരമാകുന്ന തടയണ സമീപ പ്രദേശത്തെ കുളങ്ങളിലെയും കിണറുകളിലെയും മറ്റ് ജല സ്രോതസ്സുകളിലെയും ജലവിതാനമുയർത്താനും ഉപകരിക്കും. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ മൈനർ ഇറിഗേഷൻ അടുത്ത കാലത്തായി പണിയുന്ന ഏക തടയണയാണിത്. പുഞ്ചക്കുഴി തോട്ടിൽ തടയണ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ എ പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്തംഗം അനു അബീഷ് , മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം.പി. പ്രകാശ്, മൈനർ ഇറിഗേഷൻ അസി.എഞ്ചിനീയർ വിൽസൺ, വാർഡ് അഗം സാംസൺ ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി.എൽദോ , ബിനു മാതം പറമ്പിൽ , ടി.പി എൽദോ , ശിവൻ കളപ്പാറ, സുന്ദരൻ ചെട്ടിയാർ, വിജയൻ മുണ്ടിയാത്ത്, എൽദോ , സിബി സുകുമാർ എന്നിവരും പങ്കെടുത്തു.