തൃശ്ശൂർ: പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും നശിച്ചവര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കുന്ന കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി പഴന്നൂരില്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണമാരംഭിച്ചു. നിര്‍മാണ പ്രവൃത്തികള്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു.കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി 40 പാര്‍പ്പിടങ്ങളാണ് പഴയന്നൂരില്‍ ഒരുങ്ങുന്നത്. പഴയന്നൂര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലേപ്പാടം കുന്നംപള്ളിയില്‍ 106 സെന്റ് ഭൂമിയിലാണ് ഈ കെട്ടിടങ്ങള്‍ പണി തുടങ്ങിയത്. ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി നല്‍കിയ ഭൂമിയായിരുന്നു ഇത്.നാല് അപ്പാര്‍ട്ടുമെന്റുകള്‍ ഉള്‍പ്പെട്ട 10 ബ്ലോക്ക് കെട്ടിടങ്ങളാണ് ഇവിടെ പണിയുന്നത്. ഓരോ ബ്ലോക്കിലും നാല് കുടുംബങ്ങള്‍ക്ക് താമസിക്കാം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചിരുന്നു.

നിര്‍മിതി കേന്ദ്രത്തിനാണ് ഭവനനിര്‍മാണത്തിന്റെ ചുമതല. നിര്‍മിതി പ്രോജക്ട് മാനേജര്‍, പഴയന്നൂര്‍ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ജോയിന്‍ രജിസ്ട്രാര്‍ എന്നിവര്‍ അടങ്ങിയ ത്രികക്ഷി കരാര്‍ പ്രകാരം 6 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. നാലു മാസത്തിനുള്ളില്‍ വീടുകള്‍ പണികള്‍ തീര്‍ക്കാന്‍ ശ്രമിക്കുമെന്ന് കരാറുകാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ ലാഭവിഹിതം പൊതുയോഗത്തിന്റെ അംഗീകാരത്തോടെ സമാഹരിച്ചാണ് പദ്ധതിക്ക് തുക കണ്ടെത്തുന്നത്. 3.72 കോടിയാണ് പഴയന്നൂരിലെ 40 പാര്‍പ്പിടങ്ങള്‍ക്ക് കണക്കാക്കിയ ചിലവ്. കെയര്‍ഹോമിന്റെ ഒന്നാം ഘട്ടത്തില്‍, സ്വന്തമായി ഭൂമിയുള്ള പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക്
വിവിധ സഹകരണ സംഘങ്ങള്‍ മുഖേന ജില്ലയില്‍ 500 വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം 2000 വീടുകളാണ് സംസ്ഥാനത്ത് ആകെ കെയര്‍ഹോം പദ്ധതിപ്രകാരം ഭവന രഹിതര്‍ക്ക് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ വീടുകള്‍ അനുവദിക്കാനുള്ള ശ്രമത്തിലാണ് സഹകരണ വകുപ്പ്. സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ ടി കെ സതീഷ് കുമാറിനാണ് കെയര്‍ഹോം പദ്ധതിയുടെ ജില്ലയിലെ ചുമതല.പഴയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരന്‍, നിര്‍മ്മിതികേന്ദ്രം, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, പഴയന്നൂര്‍ ബ്ലോക്കിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.