തിരുവനന്തപുരം: ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍, കൊടികള്‍, ബാനറുകള്‍ തുടങ്ങിയവ ഈ മാസം 24നകം നീക്കം ചെയ്യണമെന്നു സബ് കളക്ടര്‍ എം.എസ്.മാധവിക്കുട്ടി ജില്ലയിലെ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഹൈക്കോടതി ഉത്തരവു പ്രകാരമാണു നടപടി.
അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് ഉത്തരവ് നടപ്പാക്കേണ്ടത്. ഇതു പരിശോധിക്കുന്നതിനും പ്രതിദിന വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും മുനിസിപ്പാലിറ്റികളില്‍ നഗരകാര്യ റീജിയണല്‍ ജോയിന്റ് ഡയറക്ടറേയും കോര്‍പ്പറേഷനില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയേയും ചുമതലപ്പെടുത്തിയതായും സബ് കളക്ടര്‍ അറിയിച്ചു.